District News
ചങ്ങനാശേരി: വയനാട് ചുള്ളിയോട് നടന്ന കേരള സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടയം ജില്ലയെ പ്രതിനിധീകരിച്ച് മത്സരിച്ച ചങ്ങനാശേരി അസംപ്ഷന്‍ കോളജിന്റെ വോളിബോള്‍ ടീം ജേതാക്കളായി.
നോക്കോട്ട് അടിസ്ഥാനത്തില്‍ നടന്ന മത്സരത്തില്‍, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം ജില്ലകളെ പരാജയപ്പെടുത്തിയാണ് കോട്ടയം ചാമ്പ്യന്മാരായത്. സ്പോര്‍ട്സ് കൗണ്‍സില്‍ വോളിബോള്‍ കോച്ച് നവാസ് വാഹബയിരുന്നു ടീമിന്റെ പരിശീലകന്.
District News
കോട്ടയം: ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കാമ്പയിന് ജില്ലാതല ഉദ്ഘാടനം കോടതിയങ്കണത്തില്‍ സംഘടിപ്പിച്ചു. ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയവും അശ്രദ്ധവുമായ ഉപയോഗത്തിനെതിരേ ജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ലീഗല്‍ സര്‍വീസ് അഥോറിറ്റിയും ഡ്രഗ്സ് കണ്ട്രോള് വകുപ്പും സംയുക്തമായി നടത്തുന്ന കാമ്പയിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി എം. മനോജ് നിര്‍വഹിച്ചു. ഡിസിഎല്എ സെക്രട്ടറിയും സീനിയര്‍ ഡിവിഷന് സബ് ജഡ്ജുമായ ജി. പ്രവീണ്‍ കുമാര്‍ അധ്യക്ഷതവഹിച്ചു.
അസിസ്റ്റന്റ് ഡ്രഗ്സ് കണ്ട്രോളര് ഡോ. അജു ജോസഫ് കുര്യന്, അഡീഷണല്‍ ജില്ലാ ജഡ്ജിമാരായ കെ. ലില്ലി, സതീഷ് കുമാര്‍, താര എസ്. പിള്ള, ഡോ. ബബിത കെ. വാഴയില്‍, അരുണ്‍ കൃഷ്ണന്, ടി.യു. സുരേന്ദ്രന്, ഓള് കേരള കെമിസ്റ്റസ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്നു സെന്റര്‍ ഫോര്‍ പ്രഫഷണല്‍ ആന്‍ഡ് അഡ്വാന്‍സ് സ്റ്റഡീസിലെ കുട്ടികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബും, കാരിത്താസ് ഫാര്‍മസി കോളജിലെ കുട്ടികള്‍ അവതരിപ്പിച്ച സ്കിറ്റും ഉണ്ടായിരുന്നു.
District News
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽ അധ്യാപക ഡോക്ടർമാരുടെ സമരം തുടരുന്നത് ഒപിയുടെ പ്രവർത്തനത്തെ ഇന്നും ബാധിക്കും. ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരുകയാണ്. നിലവിൽ പിജി റസിഡൻസ്, ഹൗസ് സർജന്മാരുടെ നേതൃത്വത്തിലാണ് ഒപിയുടെ പ്രവർത്തനം നടക്കുന്നത്. അധ്യാപക ഡോക്ടർമാർ ഒപി ബഹിഷ്കരിക്കുന്നതിനെ തുടർന്ന് രോഗികൾക്ക് വിദഗ്ധ ചികിത്സ ലഭിക്കാതെ പോകുന്നു. ഇത് രോഗികളുടെ സ്ഥിതി വഷളാക്കുന്നതിന് ഇടയാക്കിയേക്കും.
റുമറ്റോളജി വിഭാഗം ഒപി ഇന്നും പ്രവർത്തിക്കില്ലെന്ന് ആശുപത്രിയിൽ നോട്ടീസ് ഒട്ടിച്ചിട്ടുണ്ട്. കഴിഞ്ഞ 16 മുതൽ ആരംഭിച്ച അധ്യാപക ഡോക്ടർമാരുടെ അനിശ്ചിതകാല ഒപി ബഹിഷ്കരണം ഏഴു ദിവസം പിന്നിട്ടു. ശന്പള പരിഷ്കരണം നടത്തുക, ഡിഎ കുടിശിക നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
District News
കടുത്തുരുത്തി: സാമൂഹിക പ്രശ്നങ്ങളില്‍നിന്നു മുഖംതിരിക്കാതെ പ്രതിബദ്ധതയോടെ പ്രവര്‍ത്തിക്കാന്‍ ഓരോ പൗരനും ധാര്‍മിക ഉത്തരവാദിത്വമുണ്ടെന്ന സന്ദേശവുമായി വിദ്യാര്‍ഥികളുടെ തെരുവു നാടകം. മുട്ടുചിറ സെന്റ് ആഗ്നസ് ഹൈസ്കൂളിലെ 31 ഏഴാം ക്ലാസ് വിദ്യാര്‍ഥികളാണ് തെരുവുനാടകം അവതരിപ്പിച്ചത്.
കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനിൽ തെരുവുനാടകത്തിനു മുന്നോടിയായി നടന്ന യോഗം കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് റോയ് ജോര്‍ജ് വെട്ടിക്കത്തടത്തില്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയില്‍ അധ്യക്ഷത വഹിച്ചു.
കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളി വികാരി ഫാ. ജോണ്‍ പാളിത്തോട്ടം, സഹവികാരി ഫാ. ഏബ്രഹാം പെരിയപ്പുറം, പിടിഎ പ്രസിഡന്റ് സുരേഷ് വര്‍ഗീസ്, ഹെഡ്മിസ്ട്രസ് സില്‍ജ മാത്യൂസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
കടുത്തുരുത്തി: മുട്ടുചിറ ഗവണ്മെന്റ് യൂപി സ്കൂളിന് കൈത്താങ്ങായി കടുത്തുരുത്തി റോട്ടറി ക്ലബ്ബും മുരിക്കന്‍സ് ഗ്രൂപ്പും. സ്കൂള്‍ ഓഡിറ്റോറിയത്തിന്റെയും ക്ലാസ് മുറികളുടെയും അറ്റകുറ്റപ്പണികള്‍ നടത്തിയും കുട്ടികള്‍ക്ക് സോളാര്‍ ലൈറ്റുകള്‍ നല്‍കുകയും ചെയ്താണ് ഇരുവരും തങ്ങളുടെ സാമൂഹിക പ്രതിബനദ്ധത തെളിയിച്ചത്.
സ്കൂളിന്റെ മെയിന്റനന്‍സ് വര്‍ക്കുകള്‍ നടത്താന്‍ മറ്റു ഫണ്ടുകള്‍ ഇല്ലാതെനില്ക്കുന്ന സാഹചര്യത്തിലാണ് കടുത്തുരുത്തി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ മുരിക്കന്‍സ് ഗ്രൂപ്പ് സ്കൂളിന് കൈത്താങ്ങായെത്തിയത്.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ റോട്ടറി ക്ലബ് പ്രസിഡന്റ് ജോര്‍ജ് ജി. മുരിക്കന്‍ കുട്ടികള്‍ക്ക് സോളാര്‍ ലൈറ്റുകള്‍ സമ്മാനിച്ചു. പ്രധാനധ്യാപിക രാജി എസ്. നായര്‍, റോട്ടേറിയന്മാരായ അഡ്വ. ജോസ് ജോസഫ്, തോമസ് കുഴിവേലി, എം.യു. ബേബി, മനു നീരാക്കല്‍, അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
District News
കോട്ടയം: മദ്യപിച്ച് ആംബുലന്‍സ് ഓടിച്ച് സ്കൂട്ടര്‍ യാത്രികരെ ഇടിച്ചു വീഴ്ത്തിയ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍. വടവാതൂര്‍ കളപ്പുരയ്ക്കല്‍ വീട്ടില്‍ ബിനില്‍ കെ. പീറ്റര്‍ (33) ആണ് അറസ്റ്റിലായത്. കോട്ടയം കളത്തിപ്പടിയില്‍ കഴിഞ്ഞ 21നാണ് കേസിനാസ്പദമായ സംഭവം.
21ന് ഉച്ചയോടെ പൊന്‍പള്ളി ഭാഗത്തുനിന്നു കളത്തിപ്പടി ഭാഗത്തേക്കു ഡ്രൈവര്‍ മാത്രമായി ഓടിച്ചുവന്ന ആംബുലന്‍സ് കളത്തിപ്പടി ജംഗ്ഷന് ഭാഗത്ത് അയ്മനം സ്വദേശികളായ ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
പരിക്കേറ്റ ഇരുവരും ഹോസ്പിറ്റലില്‍ ചികിത്സ തേടി. പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് ഡ്രൈവറായ ബിനില്‍ മദ്യപിച്ച് സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നു കണ്ടെത്തുന്നത്. തുടര്‍ന്ന് ബിനിലിനെ കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. പരിശോധനയില്‍ മദ്യലഹരിയിലാണെന്നു തെളിഞ്ഞതോടെ അപകടത്തില്‍ പരിക്കേറ്റവരുടെ ബന്ധുവിന്റെ പരാതിയില്‍ കേസെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ബിനിലിനെ റിമാന്‍ഡ് ചെയ്തു.
District News
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രത്തിൽ തിരുവുത്സവത്തോടനു ബന്ധിച്ചു നടന്ന പൊങ്കാല സമർപ്പണം ഭക്തിനിർഭരമായി. ഇന്നലെ രാവിലെ ക്ഷേത്രം തന്ത്രി കുമരകം എം.എൻ. ഗോപാലൻ ന്ത്രികൾ ഭദ്രദീപ പ്രകാശത്തിനു ശേഷം ഭണ്ഡാര അടുപ്പിൽ അഗ്നിപകർന്നു.
തുടർന്ന് പ്രഥമ പൊങ്കാല അടുപ്പിൽ അഗ്നിപകരാൻ നടന്ന നറുക്കെടുപ്പിൽ തലയോലപ്പറമ്പ് നാരായണീയത്തിൽ രശ്മി അരവിന്ദനാണ് സൗഭാഗ്യം ലഭിച്ചത്. തുടർന്ന് പ്രഥമ പൊങ്കാല അടുപ്പിൽ രശ്മി അരവിന്ദ് അഗ്നിപകർന്നു. ക്ഷേത്രാങ്കണത്തിൽ വ്രതശുദ്ധരായെത്തി അടുപ്പു പൂട്ടിയ വനിതകൾ അഗ്നിപ്രോജ്വലനം നടത്തി മാത്താനത്തമ്മയുടെ അനുഗ്രഹവർഷത്തിനായി പ്രാർഥനാനിരതരായി.
District News
കുമരകം: കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടും നാളിതുവരെ മുറിച്ചു മാറ്റാത്ത കുമരകം പള്ളിച്ചിറയിലെ റോഡരികിൽ നിൽക്കുന്ന തണൽ മരങ്ങൾ യാത്രക്കാർക്കു ഭീഷണി ഉയർത്തുന്നതായി ആക്ഷേപം.
പൊതുമരാമത്ത് വകുപ്പിനു ഫണ്ടില്ലെന്നാണ് മരം മുറിച്ചുമാറ്റാത്തതിനു നൽകുന്ന വിശദീകരണം. വലിയ വാഹനങ്ങളിടിച്ച് ഒരു മരത്തിനു സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇത് ഏതു നിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്.
ഒരു മരം ചെരിയും തോറും അയൽവാസിയുടെ കെട്ടിടത്തിനു ബലക്ഷയം സംഭവിക്കുന്നുണ്ട്. കോണത്താറ്റ് പാലം തുറന്നുകൊടുത്തതോടെ വലിയ കണ്ടെയ്നർ ലോറികൾ വീതികുറഞ്ഞ റോഡിലൂടെ ഇടവിടാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത് അപകടസാധ്യത വർധിപ്പിച്ചിരിക്കുകയാണെന്ന് മരം മുറിച്ചു മാറ്റാൻ കളക്ടർക്ക് പരാതി നൽകിയ അനൂപ് കൊച്ചുപറമ്പിൽ പറഞ്ഞു.
വർഷങ്ങളായി കുമരകം റോഡിനും യാത്രക്കാർക്കും തണലായിരുന്ന മരങ്ങൾ ബലഹീനമായതിനാൽ അപകട സാധ്യത മുന്നിൽകണ്ട് മുറിച്ചുമാറ്റാൻ ബന്ധപ്പെട്ട വകുപ്പോ പഞ്ചായത്തോ തയാറാകണമെന്നാണ് ഉയരുന്ന ആവശ്യം.
District News
ഏറ്റുമാനൂർ: മഹാദേവ ക്ഷേത്രത്തിലെ തിരുവരങ്ങിൽ കളിവിളക്കണഞ്ഞു. മൂന്നു നാൾ കളിപ്രേമികളുടെ മനംനിറച്ച മേജർ സെറ്റ് കഥകളി ഇന്നലെ പൂർത്തിയായി. മുടക്കം കൂടാതെ എല്ലാവർഷവും ഏറ്റുമാനൂരെത്തുന്ന കഥകളി പ്രേമികൾക്ക് ഇനി ഒരു വർഷം നീളുന്ന കാത്തിരിപ്പ്. നളചരിതം നാലാം ദിവസവും ദുര്യോധനവധവുമായിരുന്നു ഇന്നലത്തെ കഥകൾ. ചെറുതുരുത്തി കേരള കലാമണ്ഡലം കൽപിത സർവകലാശാലയാണ് കഥകളി അവതരിപ്പിച്ചത്.
ഐതിഹ്യപ്പെരുമയിൽ വേലകളി
ഐതിഹ്യപ്പെരുമയിൽ വേലകളി പുരോഗമിക്കുന്നു. ഉത്സവബലി ദർശനം ആരംഭിച്ച രണ്ടാം ഉത്സവനാളിൽ തുടങ്ങിയ വേലകളി ഉത്സവബലി ദർശനം അവസാനിക്കുന്ന ഒമ്പതാം ഉത്സവനാൾ വരെ തുടരും. കാട്ടാമ്പാക്ക് തേവർത്തുമലയിൽ സ്വയംഭൂവായ ഏറ്റുമാനൂരപ്പനെ ഭൂതഗണങ്ങളുടെ അകമ്പടിയോടെ കാട്ടാമ്പാക്ക് കരക്കാർ ഏറ്റുമാനൂർ ക്ഷേത്രത്തിൽ എത്തിച്ചു എന്നാണ് ഐതിഹ്യം. ഇതിനു നേതൃത്വം നൽകിയ മഠത്തിൽ കുടുംബത്തിനു ലഭിച്ച പരമ്പരാഗത അവകാശമാണ് ഉത്സവനാളുകളിലെ വേലകളി.
പ്രത്യേക വേഷമണിഞ്ഞ് കയ്യിൽ വാളും പരിചയുമേന്തി യോദ്ധാക്കളെപ്പോലെയാണ് കളിക്കാർ വേലകളിക്കെത്തുന്നത്. കാഴ്ചശ്രീബലിയുടെ പ്രദക്ഷിണം പടിഞ്ഞാറേനടയിലെത്തുമ്പോൾ ക്ഷേത്രമൈതാനത്ത് പടിഞ്ഞാറേ ഗോപുരനടയിൽനിന്ന് വേലകളി ആരംഭിക്കും. കൃഷ്ണൻ കോവിൽ വഴി വില്ലുകുളത്തിലെത്തി കുളത്തിൽ വേല കഴിഞ്ഞ് കിഴക്കേനട കടന്ന് തെക്കേനടയിലെത്തിയാണ് വേലകളി അവസാനിക്കുന്നത്.
ഈ പരമ്പരാഗത അനുഷ്ഠാനം അന്യംനിന്നു പോകാതിരിക്കാൻ മഠത്തിൽ കുടുംബം പ്രത്യേകം ശ്രദ്ധിക്കുന്നു. പുതിയ തലമുറകളെ വേലകളി അഭ്യസിപ്പിക്കുന്നതിനായി കാട്ടാമ്പാക്കിൽ അവർ കളരി നടത്തുന്നുണ്ട്. ഈ കളരിയിൽ പരിശീലിച്ചവരാണ് ഇപ്പോൾ വേലകളിക്കെത്തുന്നത്.
ഭക്തരുടെ താലപ്പൊലി സമർപ്പണം
ഏറ്റുമാനൂർ: ഏറ്റുമാനൂരപ്പന് താലപ്പൊലി സമർപ്പിച്ച് ഭക്തജനങ്ങൾ. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ഭക്തർ ഏറ്റുമാനൂരപ്പന് താലപ്പൊലി സമർപ്പിക്കുന്നത്. ഇന്നലെ കാക്കാല സമുദായ സൊസൈറ്റിയുടെ നേതൃത്വത്തിൽ താലപ്പൊലി സമർപ്പിച്ചു.
ഇന്ന് വൈകുന്നേരം 6.30ന് അഖില കേരള ചേരമർ ഹിന്ദു മഹാസഭ കോട്ടയം താലൂക്ക് യൂണിയന്റെയും നാളെ വൈകുന്നേരം 6.30ന് സംയുക്ത എൻഎസ്എസ് കരയോഗം ഏറ്റുമാനൂർ, നീണ്ടൂർ മേഖലകളുടെയും 25ന് വൈകുന്നേരം ആറിന് എസ്എൻഡിപി ഏറ്റുമാനൂർ മേഖലയുടെയും 26ന് കേരള ഗണക മഹാസഭ ഏറ്റുമാനൂർ ശാഖയുടെയും നേതൃത്വത്തിൽ താലപ്പൊലി സമർപ്പിക്കും. 25ന് വൈകുന്നേരം 7.30ന് മാരിയമ്മൻ കോവിൽ ട്രസ്റ്റിന്റെയും എകെവിഎംഎസ്, ടിവിഎസ്, വിഎസ്എസ്, കെവിഎസ് ഏറ്റുമാനൂർ മേഖലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ അയ്മ്പൊലി സമർപ്പണം നടക്കും.
തിരുവരങ്ങ് സജീവം
ഇന്നലെ തിരുവരങ്ങിൽ ചലച്ചിത്ര സീരിയൽ താരം ശാസ്ത്രീയ നൃത്തം അവതരിപ്പിച്ചു. ഇന്ന് രാത്രി 9.30ന് പിന്നണി ഗായകൻ രാഗേഷ് ബ്രഹ്മാനന്ദനും സംഘവും ഭക്തിഗാനമേള അവതരിപ്പിക്കും. നാളെ രാത്രി 9.30ന് രൂപ രേവതിയും സംഘവും അവതരിപ്പിക്കുന്ന വയലിൻ വിസ്മയം നടക്കും. ബുധനാഴ്ച രാത്രി 9.30ന് നടി നവ്യ നായരും സംഘവും അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം നവ്യാനന്ദ നടനവും വ്യാഴാഴ്ച രാത്രി 10ന് പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ നയിക്കുന്ന ഭക്തിഗാനമേള ശ്രീരാഗലയവും നടക്കും.
District News
കോട്ടയം: വൈദികന്റെ ചിത്രപ്രദര്‍ശനം ശ്രദ്ധയാകര്‍ഷിക്കുന്നു. ഓര്‍ത്തഡോക്സ് സഭാ വൈദികനായ ഫാ. റിജോ ഗീവര്‍ഗീസ് വരച്ച 40ല്‍പ്പരം ചിത്രങ്ങളുടെ പ്രദര്‍ശനമാണ് ‘മനനം’ എന്ന പേരില്‍ കോട്ടയം പബ്ലിക് ലൈബ്രറിയിലെ ആര്‍ട് ഗ്യാലറിയില്‍ ഒരുക്കിയിരിക്കുന്നത്. കല്ലില്‍ വരച്ചിരിക്കുന്ന ചിത്രങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാം ആരാധനയിലുള്ള ധ്യാനാത്മകമായ ചിത്രങ്ങളാണ്.
ഓര്‍ത്തഡോക്സ് ആരാധനയിലുപയോഗിക്കുന്ന ഐക്കണ്‍സ് എന്ന പറയുന്നരീതിയിലുള്ള ചിത്രങ്ങളാണു കാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നത്. വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങളാണു ചിത്രങ്ങളായി ഫാ. റിജോ കാഴ്ചക്കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുന്നത്. 2017 മുതല്‍ ഫാ. റിജോ ഗീവര്‍ഗീസ് വരച്ച ചിത്രങ്ങളാണു പ്രദര്‍ശനത്തിലുള്ളത്.
ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പള്ളിപ്പാട് സ്വദേശിയായ ഫാ. റിജോ കോട്ടയം സോഫാന ഓര്‍ത്തഡോക്സ് അക്കാദമിയിലാണു സേവനമനുഷ്ഠിക്കുന്നത്. പ്രദര്‍ശനം കാണാന്‍ എത്തുന്നവര്‍ക്ക് ഓരോ ചിത്രത്തെക്കുറിച്ചും ഫാ. റിജോ വിവരിച്ചു നല്‍കുന്നുമുണ്ട്. കുട്ടികളടക്കം നിരവധി പേരാണു ചിത്രപ്രദര്‍ശനം കാണുന്നതിനായി ദിവസവും എത്തിക്കൊണ്ടിരിക്കുന്നത്. ചിത്രപ്രദര്‍ശനം 28ന് സമാപിക്കും.
District News
കോട്ടയം: അക്ഷര നഗരിയിലെ ചലച്ചിത്രമേള ഏറ്റെടുത്ത് സിനിമാപ്രേമികള്‍. കോട്ടയം അനശ്വര തിയറ്ററില്‍ നടന്നുവരുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയിലാണ് ചിത്രങ്ങള്‍ക്ക് ആരാധകരേറുന്നത്. സംസ്ഥാന ചലച്ചിത്ര അക്കാദമി, ദേശീയ ചലച്ചിത്ര വികസന കോര്പ്പറേഷന് എന്നിവയുടെ സഹകരണത്തോടെ കോട്ടയം ഫിലിം സൊസൈറ്റിയാണ് മേള സംഘടിപ്പിക്കുന്നത്.
ഇന്നലെ “എഐ ഓവര്‍ റൂളിംഗ് സിനിമ’’ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ ഗുരുദത്ത് സദാനന്ദന് പ്രസംഗിച്ചു. ചെയര്മാന് സംവിധായകന് ജയരാജ്, സെക്രട്ടറി സംവിധായകന് പ്രദീപ് നായര്‍, ട്രഷറര്‍ സജി കോട്ടയം തുടങ്ങിയവര്‍ പങ്കെടുത്തു.
നടന് ഇന്ദ്രന്‍സ്, കലാഭവന്‍ റഹ്മാന് എന്നിവര്‍ “ഭൂതലം’’ സ്ക്രീനിങ്ങില്‍ പങ്കെടുത്തു. കേരളത്തിന്റ് തനത് അനുഷ്ഠാന കലയായ തോല്‍പ്പാവക്കൂത്തിനെ പ്രമേയമാക്കി രാഹുല്‍ രാജ് രചനയും സംവിധാനവും നിര്‍വഹിച്ച നിഴലാഴം മേളയില്‍ ഇന്നു പ്രദര്‍ശിപ്പിക്കും. 26ന് മേള സമാപിക്കും.
മേളയില്‍ ഇന്ന്: രാവിലെ 9.30ന് ശ്യാംചി ആയി (മറാത്തി), 12ന് ബല്‍ഗാം, ഉച്ചകഴിഞ്ഞ് 2.30ന് നിഴലാഴം (മലയാളം), വൈകുന്നേരം ആറിന് ബുഗോണിയ (അമേരിക്കന്‍), രാത്രി 8.30ന് തിയറ്റര്‍ (മലയാളം).
District News
ഏറ്റുമാനൂർ: മുൻ എംപിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ പ്രഫ. എം.എം. ജോസഫ് പൊതുപ്രവർത്തകർക്കു മാതൃകയെന്ന് ഫ്രാൻസിസ് ജോർജ് എംപി. പ്രഫ. എം.എം. ജോസഫിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് ഏറ്റുമാനൂർ പൗരസമിതിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നേതാവ് കെ.പി. ദേവസ്യ അനുസ്മരണ പ്രഭാഷണവും ഏറ്റുമാനൂർ പൗരസമിതി സെക്രട്ടറിയും കേരളാ കോൺഗ്രസ് ഉന്നതാധികാര സമിതി അംഗവുമായ ജയിംസ് കുര്യൻ ആമുഖ പ്രസംഗവും നടത്തി. പൗരസമിതി പ്രസിഡന്റ് യു.എൻ. തമ്പി, പഞ്ചായത്തംഗങ്ങളായ ജോസ് അമ്പലക്കുളം, മാധ്യമ പ്രവർത്തകൻ രാജു കുടിലിൽ, മാത്യു പടപ്പൻ, ലൂക്കോസ് ഫിലിപ്പ് തയ്യിൽ എന്നിവർ പ്രസംഗിച്ചു.
District News
പാമ്പാടി: പാമ്പാടി ടൗണിലെ ബേക്കറിയിൽ പലഹാര വിതരണം കഴിഞ്ഞ് മണർകാട് ഭാഗത്തേക്കു വരികയായിരുന്ന ഡെലിവറി ഓട്ടോയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് പരിക്ക്. വിമലാംബിക സ്കൂളിനടുത്തുള്ള പെട്രോൾ പമ്പിനു മുന്നിലായി കെ.കെ. റോഡിലാണ് അപകടം.
പുതുപ്പള്ളി ബെസ്റ്റ് ബേക്കറിയുടെ ബോർമയിലെ സാധനങ്ങൾ വിവിധ ബേക്കറികളിൽ എത്തിക്കുന്ന വിതരണ ഓട്ടോയുടെ മുൻചക്രം ഊരിപ്പോയതാണ് അപകട കാരണം. ഓട്ടോയിൽ കുടുങ്ങിയ ചെങ്ങളം സ്വദേശി നീരജിനെ (32) ഓടിക്കൂടിയ നാട്ടുകാരാണ് മുൻവശം പൊളിച്ച് പുറത്തെടുത്തത്. പരിക്കേറ്റ നീരജിനെ അപകട സമയം അതുവഴി വന്ന പാമ്പാടി പഞ്ചായത്ത് പ്രസിഡന്റ് സിജു കെ. ഐസക്കിന്റെ വാഹനത്തിൽ പാമ്പാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
നീരജിന്റെ മുഖത്ത് മുറിവും കാലിന്റെ അസ്ഥിക്ക് പൊട്ടലും ഉണ്ട്. പോലീസിനെ വിളിച്ച് ലഭ്യമാകാഞ്ഞതിനെ തുടർന്ന് പാമ്പാടി അഗ്നിരക്ഷാസേനയെ പഞ്ചായത്ത് പ്രസിഡന്റ് വിളിച്ചു വരുത്തി വാഹനം നീക്കിയാണ് കെ.കെ. റോഡിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.
District News
പള്ളിക്കത്തോട്: സര്‍ക്കാരിന് എത്താന്‍ കഴിയാത്ത മേഖലകളില്‍ പോലും കത്തോലിക്കാ സഭയുടെ ജീവകാരുണൃ പ്രവര്‍ത്തനങ്ങള്‍ മുടക്കമില്ലാതെ നടക്കുന്നത് സഭയുടെ പ്രവാചകദൗതൃം കൊണ്ടു മാത്രമാണന്ന് സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.
പള്ളിക്കത്തോട് ലൂര്‍ദ് ഭവന് ട്രസ്റ്റിന്റെ 27-ാം വാര്‍ഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മേജര്‍ ആര്‍ച്ച്ബിഷപ്. സഭ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ജാതിയോ മതമോ നോക്കാറില്ല. എല്ലാവരും ക്രിസ്തുവിന്റെ മക്കളാണ്.
ഉപേക്ഷിക്കപ്പെട്ടവരില്‍ ക്രിസ്തുവിനെയാണ് കാണുന്നതെന്നും ക്രിസ്തുവിന്റെ അതിരുകളില്ലാത്ത സ്നേഹം പങ്കുവയ്ക്കുന്ന ലൂര്‍ദ് ഭവന് ജോസ് ചേട്ടനിലൂടെ മഹത്തായ കാര്യങ്ങള്‍ അവന് പൂര്‍ത്തീകരിക്കുന്നുവെന്നും മാര്‍ റാഫേല്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു. ലൂര്‍ദ് ഭവന് ട്രസ്റ്റ് സ്പിരിച്വല്‍ ഡയറക്ടറും ലൂര്‍ദ് മാതാ പള്ളി വികാരിയുമായ ഫാ. സെബാസ്റ്റ്യന്‍ ശൗര്യമാക്കില്‍ അധ്യക്ഷത വഹിച്ചു.
സിബിസിഐ പുരസ്കാരം ലഭിച്ച ഓര്‍ഫനേജ് കണ്ട്രോള് ബോര്‍ഡ് മെംബര്‍ ഫാ. റോയി വടക്കേലിനെ സമ്മേളനത്തില്‍ ആദരിച്ചു.
ചീഫ് വിപ്പ് ഡോ. എന്‍. ജയരാജ്, ഫാ. ജോര്‍ജ് പഴയപുര, മാനേജിംഗ് ട്രസ്റ്റി ജോസ് ആന്റണി, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെയ്ജി പാലയ്ക്കലോടി, ഡോ. മറിയ ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്ന് ആവശ്യം
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര താലൂക്ക് ഗവ. ഹോമിയോ ആശുപത്രിയിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യം വ്യാപകം. നഗരസഭാ പരിധിയില്‍ മൂന്നുകല്ലിന്മൂട്ടിലാണു താലൂക്ക് ഗവ. ഹോമിയോ ആശുപത്രി സ്ഥിതി ചെയ്യുന്നത്. ഗവ. ആയുര്‍വേദ ആശുപത്രിയും ഇതേ കോന്പൗണ്ടില്‍ തന്നെ. പരാധീനതകളെ അതിജീവിച്ച് പ്രയാണം തുടരുന്ന ഗവ. ഹോമിയോ ആശുപത്രിയുമായി ബന്ധപ്പെട്ടു നിരവധി ആവശ്യങ്ങളാണ് രോഗികള്‍ നിരത്തുന്നത്.
ഫിസിയോ തെറാപ്പി യൂണിറ്റിനോടു ചേര്‍ന്ന വാര്‍ഡില്‍ റാന്പ് സൗകര്യം ഒരുക്കണമെന്നത് അക്കൂട്ടത്തില്‍ അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്നു. താലൂക്ക് ഗവ. ഹോമിയോ ആശുപത്രിയിലെ ഫിസിയോതെറാപ്പി യൂണിറ്റിനെക്കുറിച്ചു പൊതുവേ നല്ല അഭിപ്രായമാണ്. രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ഫിസിയോതെറാപ്പി സംവിധാനം.
ഫിസിയോതെറാപ്പിക്കു വിധേയരായി വയോജനങ്ങള്‍ മുകളിലത്തെ വാര്‍ഡിലേയ്ക്ക് ഏറെ ബുദ്ധിമുട്ടിയാണ് പടവുകള്‍ കയറിപ്പോകുന്നത്. കെട്ടിടം നിര്‍മിച്ചപ്പോള്‍ റാന്പ് സൗകര്യം ഒരുക്കിയിരുന്നെങ്കില്‍ ഇത്ര കഷ്ടപ്പെടേണ്ടി വരികയില്ലായിരുന്നുവെന്നു രോഗികള്‍ ചൂണ്ടിക്കാട്ടി. ഗവ. ഹോമിയോ ആശുപത്രിയില്‍ രോഗികള്‍ അനുഭവിക്കുന്ന മറ്റൊരു യാതന ഒപി യില്‍ ആവശ്യമായ കസേരകളില്ലായെന്നതാണ്. ദിവസവും ശരാശരി മുന്നൂറുലധികം രോഗികള്‍ ഒപി യിലെത്താറുണ്ട്.
തൈറോയിഡ്, ജീവിതശൈലിരോഗങ്ങള്‍, അലര്‍ജി മുതലായവയ്ക്ക് അടക്കം പത്ത് സ്പെഷല്‍ ഒപികളും പ്രവര്‍ത്തിക്കുന്നു. വയോജനങ്ങള്‍ക്ക് ഹോമിയോപ്പതി വകുപ്പ് നടപ്പാക്കിയ പ്രത്യേക ചികിത്സാ പദ്ധതിയായ തണലും കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നത്.
പത്ത് ഡോക്ടര്‍മാര്‍ നിലവിലുണ്ട്. അതേ സമയം, ആശുപത്രിയില്‍ ശുചീകരണ ജീവനക്കാരുടെ കുറവ് മറ്റൊരു പ്രശ്നമാണ്. നൈറ്റ് വാച്ചര്‍ -കം- ക്ലീനിംഗ് സ്റ്റാഫ് എന്നതാണ് തസ്തിക. എച്ച്എംസിയുടെ സഹകരണത്തോടെ താത്കാലിക നൈറ്റ് വാച്ചറെ നിയോഗിച്ചിരിക്കുന്നു. ആശുപത്രിയില്‍ ഐ പി സൗകര്യമുള്ളതിനാല്‍ നൈറ്റ് വാച്ചര്‍ അനിവാര്യമാണ്. ഐപിയില്‍ 25 കിടക്കകളുണ്ട്. മൂന്നു പേ വാര്‍ഡുകളും സുസജ്ജം. സ്ത്രീകളുടെയും കുട്ടികളുടെയും സ്പെഷല്‍ ഒപി ഈ ആശുപത്രിയില്‍ വേണമെന്ന ആവശ്യവും ശക്തം.
താലൂക്ക് ആശുപത്രിയായിട്ടും ഈ ഗവ. ആതുരാലയത്തില്‍ ആംബുലന്‍സില്ല. അത്യാവശ്യഘട്ടങ്ങളില്‍ നഗരസഭയുടെ ആംബുലന്‍സിന് സേവനം പ്രയോജനപ്പെടുത്താന്‍ അനുവാദം നല്‍കിയിരുന്നു. എന്നാല്‍ നഗരസഭയുടെ ആംബുലന്‍സ് കഴിഞ്ഞ കുറെ മാസങ്ങളായി പ്രവര്‍ത്തനരഹിതമാണ്.
District News
വിഴിഞ്ഞം: കോവളത്തിനു സമീപം രാത്രി കരയോട് ചേർന്നു കരവലി നടത്തിയ ട്രോളർ ബോട്ട് ഫിഷറീസ് വകുപ്പ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശി സന്തോഷിന്റെ ഉടമസ്ഥതയിലുള്ള പൊന്നു എന്ന ബോട്ടാണ് പിടിയിലായത്. വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നിർദേശത്തെ തുടർന്നു ബോട്ട് പിടിച്ചെടുത്ത് തുടർനടപടികൾക്കായി വിഴിഞ്ഞം വാർഫിൽ സൂക്ഷിച്ചിരിക്കുകയാണ്.
ധീര റെസ്ക്യൂ വള്ളത്തിൽ ലൈഫ് ഗാർഡുമാരായ പനിയടിമ, ഷാജഹാൻ, ജോർജ്, ഹസൻ കണ്ണ്, ഇമാമുദ്ദീൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് ബോട്ട് കസ്റ്റഡിയിൽ എടുക്കുന്നതിനു സഹായം നൽകിയത്. നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷൻ അധികൃതർ അറിയിച്ചു.
District News
നെയ്യാറ്റിന്‍കര: കാര്‍ഷിക ഭൂമിയായി വാഴ്ത്തപ്പെട്ടിരുന്ന നെയ്യാറ്റിന്‍കര നഗരസഭ പ്രദേശത്തുനിന്നും നെല്‍കൃഷി അപ്രത്യക്ഷമാകുന്നു. നെയ്യാറ്റിന്‍കര നഗരത്തിന്റെ മുഖ്യസാന്പത്തിക മേഖല കാര്‍ഷിക മേഖലയാണെന്നാണ് നഗരസഭ അധികൃതരുടെ അവകാശവാദം.
28.78 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള നഗരസഭ പ്രദേശത്ത് 1964 ഹെക്ടര്‍ സ്ഥലം കൃഷിക്ക് ഉപയോഗിക്കുവെന്നാണ് കണക്കുകള്‍. അതേസമയം, നെല്‍കൃഷി ഒരു ഹെക്ടറില്‍ മാത്രം സ്ഥലത്ത് ഒതുങ്ങി. കൃഷിക്ക് ഉപയോഗിക്കാവുന്ന 1.12 ഹെക്ടര്‍ തരിശുഭൂമിയുണ്ടെന്നു നഗരസഭ വികസന സ്ഥിതി വിലയിരുത്തുന്നുവെങ്കിലും കൃത്യതയോടെ പ്രയോജനപ്പെടുത്താന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ലായെന്നതും വാസ്തവം.
വ്യാപകമായ നെല്‍പ്പാടം നികത്തല്‍ കാര്‍ഷിക മേഖലയിലെ വെല്ലുവിളിയാണെന്നും കാര്‍ഷിക രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ തൃപ്തികരമല്ലായെന്നും നഗരസഭയും സമ്മതിക്കുന്നു. നഗരസഭയുടെ കീഴില്‍ രണ്ടു കൃഷിഭവനുകള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ തന്നെയാണ് ഇവിടുത്തെ കാര്‍ഷിക മേഖലയിലെ ഈ കുറവുകള്‍ പരിഹരിക്കപ്പെടാതെ നിലനില്‍ക്കുന്നത്. നെല്‍പ്പാടങ്ങള്‍ മരച്ചീനി, വാഴ, പച്ചക്കറി മുതലായ കൃഷികള്‍ക്കു വഴിമാറിയ കാഴ്ച നഗരസഭ പരിധിയില്‍ പലയിടത്തും കാണാനാവും.
കൃഷിഭൂമിയുടെ കാര്‍ഷികേതര വിനിയോഗം മാത്രമല്ല കൃഷിക്ക് തൊഴിലാളികളെ ലഭിക്കാത്തതും ഈ മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രതിസന്ധിയാണെന്നു നഗരസഭ അധികൃതര്‍ വാദിക്കുന്നു. 2011 ലെ സെന്‍സസ് പ്രകാരം നഗരസഭയിലെ ജനസംഖ്യ 74,312 ആണ്. അക്കൂട്ടത്തില്‍ കര്‍ഷക തൊഴിലാളികള്‍ 2,521 മാത്രം. 2,254 പുരുഷന്മാരും 276 സ്ത്രീകളും.
കൃഷി ചെലവും ജലസേചന ദൗര്‍ലഭ്യവുമെല്ലാം നെല്‍കൃഷിയുടെ തോത് കുറഞ്ഞതിലെ മറ്റു ഘടകങ്ങളാണ്. നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ പദ്ധതികള്‍ പ്രാവര്‍ത്തികമാകണമെന്ന കര്‍ഷകരുടെ ആവശ്യം കാര്യമായി പരിഗണിക്കപ്പെടുന്നില്ലായെന്ന് ആക്ഷേപമുണ്ട്.
District News
നെയ്യാറ്റിന്‍കര : രാവിലെ എട്ടേമുക്കാലോടെ കുട്ടിക്കര്‍ഷകര്‍ വിദ്യാലയത്തിലെത്തും. അധ്യയനം ആരംഭിക്കുന്നതിനു തൊട്ടുമുന്പുവരെ അവര്‍ കൃഷി പരിപാലന പ്രവൃത്തികളില്‍ മുഴുകും. വിളവെടുപ്പിലും അവരുടെ സാന്നിധ്യം സജീവം. ഉദിയന്‍കുളങ്ങര ആര്‍സി എല്‍പിഎസിലെ വിദ്യാര്‍ഥികള്‍ക്കെല്ലാം കൃഷി ഏറെ താത്പര്യമുള്ളതായതിനു പിന്നില്‍ അവിടുത്തെ അധ്യാപകരുടെയും മറ്റും ആത്മാര്‍ഥമായ പ്രോത്സാഹനമുണ്ട്.
ചെങ്കല്‍ പഞ്ചായത്തില്‍ മര്യാപുരത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഉദിയന്‍കുളങ്ങര ആര്‍സി എല്‍പിഎസ് ഏറെ പഴക്കമുള്ള വിദ്യാലയമാണ്. വിദ്യാര്‍ഥികളില്‍ കൃഷിയോടും കാര്‍ഷിക രംഗത്തോടും ഹൃദയാഭിമുഖ്യം വളര്‍ത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് വിദ്യാലയ പരിസരത്തുതന്നെ പച്ചക്കറിക്കൃഷി ആരംഭിച്ചത്. പയര്‍, കത്തിരിക്ക, വെണ്ടയ്ക്ക, വഴുതനങ്ങ, വെള്ളരിക്ക, തക്കാളി, പച്ചമുളക് മുതലായവയെല്ലാം ഈ വിദ്യാലയത്തിലെ കൃഷിയിടത്തിലുണ്ട്.
വിദ്യാര്‍ഥികള്‍ക്ക് ഉച്ചഭക്ഷണത്തിനുള്ള പച്ചക്കറി പരമാവധി കൃഷിയിടത്തില്‍നിന്നു ലഭിക്കാറുണ്ടെന്നു ഹെഡ്മിസ്ട്രസ് ഷാജിത "ദീപിക' യോട് പറഞ്ഞു. കൂടാതെ, കാരയ്ക്കയും നെല്ലിക്കയും സുലഭം. ചെറിയ തോതില്‍ വാഴ കൃഷിയും ചെയ്യുന്നു.
ചെങ്കല്‍ കൃഷി ഭവനില്‍ നിന്നുമാണു കൃഷിയിടത്തിലേ ക്കുള്ള പച്ചക്കറി വിത്തുകളും തൈകളും ലഭിച്ചത്. സ്കൂളില്‍ വിദ്യാര്‍ഥികളുടെ കാര്‍ഷികക്ലബും പ്രവര്‍ത്തിക്കുന്നുണ്ട്. കൃഷിയുടെ ഉത്തരവാദിത്തം ഈ ക്ലബിനാണെങ്കിലും സ്കൂളിലെ എല്ലാ വിദ്യാര്‍ഥികളുടെയും പങ്കാളിത്തം കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജമാണ്. സ്കൂള്‍ ലോക്കല്‍ മാനേജര്‍ ഫാ. റോബര്‍ട്ട് വിന്‍സന്റ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പിന്തുണയേകുന്നു.
പിടിഎ അംഗങ്ങളും സ്കൂളിലെ പാചകക്കാരിയും വിദ്യാര്‍ഥികളെ എത്തിക്കുന്ന സ്വകാര്യ വാഹനത്തിലെ ഡ്രൈവറും ഉള്‍പ്പെടെ വിദ്യാര്‍ഥികളുടെ കാര്ഷികസ്നേഹത്തിന് കരുത്തു പകരാന്‍ നിരവധി സുമനസ്സുകളുണ്ട്. രാവിലെയും വൈകുന്നേരവുമാണ് വിദ്യാര്‍ഥികള്‍ കൃഷിയിടത്തില്‍ ചെലവഴിക്കുന്നത്.
കോഴിക്കാരവും ചാണകപ്പൊടിയുമൊക്കെ യഥാവിധി പച്ചക്കറി വിളകളില്‍ ഉപയോഗിക്കുന്നതും അധ്യാപകരുടെ മാര്‍ഗനിര്‍ദേശത്തോടെ വിദ്യാര്‍ഥികളാണ്. ഈ വിദ്യാലയത്തിലെ പഠനം പൂര്‍ത്തിയാക്കുന്ന ഓരോ വിദ്യാര്‍ഥിയും മണ്ണിന്റെ മഹത്വവും കൃഷിയുടെ നന്മയും കൂടി തിരിച്ചറിയുന്നുണ്ടെന്ന ആത്മസംതൃപ്തിയിലാണ് അധ്യാപകർ.
District News
തിരുവനന്തപുരം: ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ഇന്നു തുടക്കമാകും. വൈകുന്നേരം 5.30 ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെയാണ് ഉത്സവത്തിന് തുടക്കമാകുന്നത്.
ഉത്സവത്തിന്റെ പ്രധാന ചടങ്ങാണ് തോറ്റം പാട്ട്. ചിലപ്പതികാരത്തിലെ കണ്ണകിയുടെ തോറ്റം പാട്ടിലൂടെ പറയും. ഓരോ ദിവസവും പറയുന്ന കഥാഭാഗവും അതത് ദിവസത്തെ ചടങ്ങുകളും പരസ്പരം ബന്ധപ്പെട്ടതാണ്. മാര്‍ച്ച് മൂന്നിനാണു പൊങ്കാല. ഉച്ചകഴിഞ്ഞു 2.15നാണു നിവേദ്യം. ഉത്സവത്തിനു മുമ്പുള്ള ഞായറാഴ്ചയായ ഇന്നലെ ക്ഷേത്രത്തില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ദര്‍ശനത്തിന് നീണ്ട നിരയായിരുന്നു.
ഉത്സവത്തോടനുബന്ധിച്ചുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടന്നുവരികയാണ്. ക്ഷേത്രവും പരിസര പ്രദേശങ്ങളും ദീപാലംകൃതമായിട്ടുണ്ട്. ഉത്സവം തുടങ്ങുന്നതോടെ ഭക്തര്‍ നേര്‍ച്ചയായി നടത്തുന്ന വിളക്കുകെട്ടുകളും ക്ഷേത്രത്തിലെത്തിച്ചേരും. ക്ഷേത്ര പരിസരത്ത് പൊങ്കാല കലങ്ങളുടെ വില്‍പ്പനയും തുടങ്ങി കഴിഞ്ഞു.
പോലീസ് കണ്ട്രോള് റൂമും മറ്റിതര വകുപ്പുകളുടെ സംവിധാനങ്ങളും ക്ഷേത്രത്തിന് സമീപത്ത് തയാറായി. ഉത്സവത്തോടനബന്ധിച്ചുള്ള കലാപരിപാടികളുടെ ഉദ്ഘാടനം നടന് മോഹന്‍ലാല്‍ രാത്രി എട്ടിനു നിര്‍വഹിക്കും. മോഹന്‍ലാലിന് ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റിന്റെ അംബാപുരസ്കാരവും സമര്‍പ്പിക്കും.
ഉത്സവ ദിവസങ്ങളിൽ മൂന്നു വേദികളിലായി കലാപരിപാടികള്‍ അരങ്ങേറും. ഉത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗവും ചേര്‍ന്നിരുന്നു.
ആറ്റുകാലിൽ ഇന്ന്
തിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്നു തുടക്കമാകും. ഒന്നാം ഉത്സവദിനമായ ഇന്നു രാവിലെ അഞ്ചിനു നിർമാല്യദർശനം, 5.30ന് അഭിഷേകം, 6.05ന് ദീപാരാധന നടക്കും. ഉച്ചയ്ക്ക് ഒന്നിന് നട അടയ്ക്കും. ഉച്ചകഴിഞ്ഞു മൂന്നിനു നടതുറക്കും.
വൈകുന്നേരം 5.30നു കാപ്പ് കെട്ടികുടിയിരുത്തൽ, 6.45 ന് ദീപാരാധന, രാത്രി 7.15ന് ഭഗവതി സേവ, ഒൻപതിന് അത്താഴപൂജ, 9.15ന് ദീപാരാധന, 9.30ന് അത്താഴശ്രീബലി, 12ന് ദീപാരാധനയും തുടർന്നു പുലർച്ചെ ഒന്നിന് നട അടയ്ക്കുകയും തചെയ്യും. ഇന്ന് ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ടും ഉണ്ടായിരിക്കും.
District News
നെടുമങ്ങാട്: പ്രസവത്തിൽ നവജാത ശിശു മരിച്ച സംഭവത്തിൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോർട്ട്. ഡോ. ബിന്ദു സുന്ദറിനെതിരേയാണ് റിപ്പോർട്ട്.
സിസേറിയൻ ചെയ്യുന്നതിൽ കാലതാമസം ഉണ്ടെയെന്നും ഇക്കാര്യത്തിൽ നേരത്തെ തീരുമാനം എടുക്കാമായിരുന്നുവെന്നുമാണു കണ്ടെത്തൽ. തിരുവനന്തപുരം മെഡിക്കൽ കോളജിലെ മൂന്നംഗ സംഘമാണ് അന്വേഷണ റിപ്പോർട്ട് തയാറാക്കിയത്. 37 കാരിയായ നിരഞ്ജനക്കാണു കുഞ്ഞിനെ നഷ്ടമായത്.
അമ്മക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നിട്ടും സിസേറിയൻ ചെയ്യാനുള്ള തീരുമാനമെടുക്കാൻ ഡോക്ടർ വൈകി. വാക്വം ഉപയോഗിച്ച ശേഷമാണു സിസേറിയനിലേക്ക് പോകാൻ തീരുമാനിച്ചത്. ഇത് ഒഴിവാക്കാമായിരുന്നുവെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്. കുട്ടിക്കു വളർച്ച കുറവായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണ റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി ആരോഗ്യമന്ത്രിക്കു കൈമാറും. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ ചൊവാഴ്ചയാണ് നിരഞ്ജനയുടെ പ്രസവം നടന്നത്. പുലർച്ചെ വേദന തുടങ്ങിയിട്ടും വൈകുന്നേരത്തോടെയാണ് ഓപ്പറേഷൻ നടപടികൾ തുടങ്ങിയത്. ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ പ്രതിഷേധിച്ചതോടെ ഡോ. ബിന്ദു സുന്ദറിനെ സസ്പെൻഡ് ചെയ്തിരുന്നു.
അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ
നെടുമങ്ങാട്: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ മെഡിക്കൽ ഓഫീസർ ഒരു മാസത്തിനകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നു മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റീസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
സിസേറിയനു പിന്നാലെ വിതുര മണലി ആദിവാസി ഊരിലെ രഞ്ജന കൃഷ്ണയുടെ പെൺകുഞ്ഞാണു മരിച്ചത്. ഉത്തരവാദിയായ ഡോക്ടർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് സെയ്ദലി കായ്പ്പാടി നൽകിയ പരാതിയിലാണു മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തത്.
District News
നെടുമങ്ങാട്: കഴിഞ്ഞ പത്തു വർഷത്തിനുള്ളിൽ ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്നും ചില പ്രശ്നങ്ങൾ ഉയർന്നു വന്നത് പരിഹരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുമെന്നും വീഴ്ച വരുത്തുന്നവർക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
1293 കോടി രൂപ ചെലവിൽ നിർമിക്കുന്ന വഴയില-പഴകുറ്റി നാലുവരി പാതയുടെ രണ്ടാം റീച്ചിന്റെ നിർമാണോദ്ഘാടനം, മൂന്നാം റീച്ച് നഷ്ടപരിഹാര തുക വിതരണം ചെയ്യൽ, 89.4 കോടി രൂപയിൽജില്ലാ ആശുപത്രിയിൽ ആറുനിലയിൽ നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം, 9.61 കോടി ചെലവിൽ നിർമിച്ച ടൂറിസം വകുപ്പിന്റെ മോട്ടൽ ആരാം ഉദ്ഘാടനം, 2.95 കോടി രൂപയ്ക്ക് അഗ്നിരക്ഷാസേനയ്ക്ക് നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.
കല്ലിംഗൽ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനായി. മന്ത്രി വി. ശിവൻകുട്ടി, നെടുമങ്ങാട് നഗരസഭ ചെയർമാൻ ആർ. ജയദേവൻ, ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ ജനറൽ നിതിൻ അഗർവാൾ, ഡോ. കെ.ജെ. റീന എന്നിവർ പങ്കെടുത്തു.
District News
പേരൂര്‍ക്കട: കോട്ടയ്ക്കകം രാജധാനി ബാറിലെ പാര്‍ക്കിംഗ് ഏരിയയില്‍നിന്ന് ബാര്‍ ജീവനക്കാരന്റെ ബൈക്ക് മോഷ്ടിച്ചു രണ്ടുപേരെ ഫോര്‍ട്ട് പോലീസ് പിടികൂടി. പാല്‍ക്കുളങ്ങര മാനവ നഗര്‍ വയലില്‍ വീട്ടില്‍ ഉണ്ണി (24), കോട്ടയം വൈക്കം കൊള്ളുപുരയ്ക്കല് ഹൗസില്‍ ജിനു ബേബി (28) എന്നിവരാണ് പിടിയിലായത്.
ഒന്നാംപ്രതിയായ ഉണ്ണി ബാറിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായിരുന്ന ബൈക്കിന്റെ ലോക്ക് പൊട്ടിച്ചശേഷം ഉരുട്ടി കിഴക്കേക്കോട്ട ഭാഗത്ത് എത്തിച്ചു. ജിനു ബേബി ഈ വാഹനത്തിന് 2500 രൂപ നല്‍കിയശേഷം വാഹനവുമായി സ്ഥലംവിട്ടു.
ജിനു പിന്നീട് വാഹനം പൊളിച്ച് യന്ത്രഭാഗങ്ങള്‍ വേര്‍തിരിച്ചു സൂക്ഷിച്ചശേഷം അട്ടക്കുളങ്ങരയിലെ ഒരു സ്ക്രാപ് കടയില്‍ 5000 രൂപയ് ക്കു വില്‍പ്പന നടത്തി. ജിനു ബേബിക്കെതിരേ എറണാകുളം ജില്ലയില്‍ നിരവധി മോഷണക്കേസുകളുണ്ട്. വാഹനങ്ങള്‍ പൊളിച്ചുവില്‍ക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്.
ഫോര്‍ട്ട് സിഐ എസ്.ബി. പ്രവീണ്‍, എസ്ഐമാരായ അനു എസ്. നായര്‍, സുജോ ജോര്‍ജ് ആന്റണി, എഎസ്ഐ സിജുമോന്‍, സിപിഒമാരായ സുനില്‍കുമാര്‍, ഗിരീഷ്, ഷിബു എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതികള്‍ റിമാന്‍ഡിലാണ്.
District News
ചവറ: വനിതാ ജീവനക്കാരിയും സെക്യൂരിറ്റി ജീവനക്കാരനും ചേർന്ന് സൂപ്പർ മാർക്കറ്റിൽ 25 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയെന്ന് പരാതി. ശങ്കരമംഗലത്തുള്ള സൂപ്പർ മാർക്കറ്റിൽ നിന്നാണ് ഇവർ ലക്ഷങ്ങൾ വെട്ടിപ്പ് നടത്തിയത്. ബില്ലിംഗ് സ്റ്റാഫായ വനിതാ ജീവനക്കാരിയ്ക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ സൂപ്പർ മാർക്കറ്റ് ഉടമ ചവറ പോലീസിൽ പരാതി നൽകി.
പരാതിയെത്തുടർന്ന് ചവറ സ്വദേശികളായ ആതിരയ്ക്കും സന്തോഷിനുമെതിരെ പോലീസ് കേസെടുത്തു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയാണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. സംശയം തോന്നിയ ഉടമ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. കഴിഞ്ഞ മൂന്നു വർഷമായി ആതിര ഇവിടെ ജോലി ചെയ്തു വരികയായിരുന്നു.
ബില്ലിംഗിൽ തിരിമറി നടത്തി ശരാശരി ഒരു ദിവസം 2500 രൂപ വരെയായിരുന്നു തട്ടിപ്പ് നടത്തിയത്. ബിൽ ആവശ്യപ്പെടാത്ത കസ്റ്റമേഴ്സിനു ബില്ല് നൽകാതെ അടിച്ച ബില്ലുകൾ പിന്നീട് കാൻസൽ ചെയ്തായിരുന്നു തട്ടിപ്പെന്ന് പരാതിയിൽ പറയുന്നു.
ജീവനക്കാരിയുടെ ഇടപെടലിൽ സംശയം തോന്നിയ ഉടമ സൂപ്പർ മാർക്കറ്റിലെ സിസിടിവിയും ഒപ്പം സാധനങ്ങളുടെ സ്റ്റോക്കും പരിശോധിച്ചതോടെയാണ് വെട്ടിപ്പ് പുറത്തായത്. ചവറ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരുകയാണ്.
District News
കൊല്ലം : കൊല്ലം രൂപതയുടെ പ്രഥമ തദ്ദേശീയ മെത്രാനായിരുന്ന ദൈവദാസൻ ജെറോം മരിയ ഫെർണാണ്ടസി െ ന്റ 34-ാംമത് ചരമവാർഷിക ദിനാചരണം കൊല്ലം രൂപത സപ്തദിന പരിപാടികളോടെ സംഘടിപ്പിക്കുന്നതി െ ന്റ രൂപതാതല ഉദ്ഘാടനം കൊട്ടിയം സെന്റ് ജോസഫ് പ്രീസ്റ്റ് ഹോമിലെ പള്ളിയിൽ ദിവ്യബലിയർപ്പണത്തോട് കൂടി ആരംഭിച്ചു. കൊല്ലം രൂപതയിലെ മുതിർന്ന പുരോഹിതൻ മോൺ. ജോർജ് മാത്യു ദിവ്യബലിക്ക് മുഖ്യ കാർമികനായിരുന്നു. തുടർന്ന് ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രാർഥനകളും നടന്നു.
കൊല്ലം രൂപത വികാരി ജനറൽ മോൺ. ബൈജു ജൂലിയൻ, മോൺ. ഹോറസ് വേഗസ്, ഫാ. റ്റോമി കമാൻസ്, എന്നിവർ അനുസ്മരണ പ്രഭാഷങ്ങൾ നടത്തി. ഇന്ന് ജെറോം തിരുമേനിയാൽ സ്ഥാപിതമായ മിഷനറി സിസ്റ്റേഴ്സ് ഓഫ് സെയിന്റ് തെരേസാസിന്റെ ഉമയനല്ലൂരിലെ ജനറലേറ്റിൽ സ്മൃതിദീപം എന്ന പരിപാടിയും ദീപം തെളിയിക്കലും നടക്കും. തുടർന്ന്, ബിഷപ്പ് ജെറോം അനുസ്മരണ പ്രാർത്ഥനയും ഉണ്ടാവും. നാളെ ദൈവദാസൻ ജെറോം പിതാവിനാൽ സ്ഥാപിതമായ പുനലൂർ സെയിന്റ്ഗൊരേറ്റി ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം പുനലൂർ രൂപതാ അധ്യക്ഷൻ റവ. ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ ഉദ്ഘാടനം ചെയ്യും.
25 ന് മാവേലിക്കര ഇൻഫന്റ് ജീസസ് ഐസിഎസ് സ്കൂളിൽ "ബിഷപ് ജെറോമും വിദ്യാഭ്യാസ ദർശനങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന വിദ്യാഭ്യാസ സെമിനാർ കൊല്ലം രൂപതയുടെ മുൻ അധ്യക്ഷൻ റവ. ഡോക്ടർ. സ്റ്റാൻലി റോമൻ ഉദ്ഘാടനം ചെയ്യും. ബിഷപ് ജെറോമി െന്റ സ്വർഗീയ യാത്രാദിനമായ 26 ന് ഭൗതിക ശരീരം അന്ത്യവിശ്രമം കൊള്ളുന്ന തലശേരി ഇൻഫന്റ് ജീസസ് കത്ത്രീഡലിൽ രാവിലെ ഏഴിന് സെയിന്റ് റാഫേൽ സെമിനാരി റെക്ടർ ഫാ. സീയോനിന്റെ മുഖ്യകാർമികത്വത്തിൽ അനുസ്മരണ ദിവ്യബലി, തുടർന്ന് രാവിലെ ഒൻപത് മുതൽ വൈകുന്നേരം നാലു വരെ ദിവ്യകാരുണ്യ ആരാധന, ജപമാല, കരുണയുടെ ജപമാല, കുരിശിന്റെ വഴി എന്നീ പ്രാർഥന ശുശ്രുഷകൾ, ഭക്തസംഘടനകളുടെ നേതൃത്വത്തിൽ നടക്കും.
വൈകുന്നേരം 4.30ന് കൊല്ലം രൂപതാ അധ്യക്ഷൻ റവ.ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മുഖ്യകാർമികത്വത്തിൽ പൊന്തിഫിക്കൽ ദിവ്യബലി, തുടർന്ന് കബറിടത്തിൽ അനുസ്മരണ പ്രാർഥനയും ഉണ്ടാവും. 27 ന് കൊയിലോൺ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ചരിത്ര സെമിനാർ "ബിഷപ്പ് ജെറോമിന്റെ സാമൂഹിക സേവന ദർശനം' എന്ന വിഷയത്തിൽ നടക്കും. പ്രമുഖ ചരിത്രകാരനും കൊല്ലം രൂപത വൈദികനുമായ ഫാ. റൊമാൻസ് ആന്റണി പ്രഭാഷണം നടത്തും.
28 ന് ദൈവദാസൻ ബിഷപ് ജെറോമിന്റെ മാതൃ ഇടവകയായ കോയിവിള സെന്റ് ആന്റ്ണീസ് പള്ളിയിൽ രാവിലെ 6. 30ന് അനുസ്മരണ ദിവ്യബലിയും പ്രത്യേക പ്രാർഥനകൾക്കും ശേഷം ഒൻപതിന് കൊല്ലം രൂപത കെ സി വൈ എം ഡയറക്ടർ ഫാ. ജോ അലക്സിന്റെ നേതൃത്വത്തിൽ തലശേരി ഇൻഫന്റ് ജീസസ് കത്ത്രീഡലിലേക്ക് ദൈവദാസൻ ജെറോം സ്മരണ യാത്ര നടക്കും. യാത്ര കൊല്ലം രൂപത പ്രോക്യുറേറ്റർ ഫാദർ. ജോളി എബ്രഹാം ഫ്ലാഗ് ഓഫ് ചെയ്യും.
തലശേരി ഇൻഫന്റ ്ജീസസ് കത്തീഡ്രലിൽ സ്മരണയാത്രയെ രൂപത ജുഡീഷ്യൽ വികാർ ഫാദർ ക്രിസ്റ്റ്ഫർ ഹെന്റി സ്വീകരിക്കും. തുടർന്ന് സമാപന സന്ദേശം എഡ്യൂക്കേഷൻ സെക്രട്ടറി ഫാദർ. ബിനു തോമസ് നൽകും. സപ്തദിന പരിപാടികളുടെ സമാപന പ്രാർഥനയും ആശിർവാദവും കൊല്ലം രൂപത ജനറൽ മിനിസ്ട്രി കോഡിനേറ്റർ ഫാദർ. ജോസ് സെബാസ്റ്റ്യൻ നിർവഹിക്കും.
District News
കുണ്ടറ : കേന്ദ്ര സംസ്ഥാന സർക്കാരുകൾ ജാതി സെൻസെസ് ഉടൻ നടപ്പിലാക്കണമെന്നും പട്ടിക ജാതി പട്ടിക വർഗ പ്രാതിനിധ്യം എല്ലാ മേഖലയിലും ഉറപ്പുവരുത്തണമെന്നും കെ പി എം എസ് കുണ്ടറ താലൂക്ക് യൂണിയൻ ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
എസ് എസ് എൽ സി, പ്ലസ് ടു തുടങ്ങിയ വിദ്യാഭ്യാസ മേഖലകളിൽ ഉന്നത വിജയം നേടുന്ന പട്ടിക ജാതി വിദ്യാർഥികൾക്ക് വർഷംതോറും നൽകിവരുന്ന സ്വർണമെഡൽ വർഷങ്ങളായി നൽകുന്നില്ല. ഈ സ്വർണ മെഡലുകളും ഇ ഗ്രാന്റും സ്കോളർഷിപ്പും ഉടൻ വിതരണം ചെയ്യണമെന്നും ജനറൽ കൗൺസിൽ ആവശ്യപ്പെട്ടു.
ഇളമ്പള്ളൂർ തുളസീധരൻ അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും തൃതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച വത്സലാ സതീശനെയും സരിനി അനിലിനെയും പി. സി. വിഷ്ണുനാഥ് എം എൽ എ ആദരിച്ചു.
ലൈജു പുന്നത്തടം, ആനന്ദ് ബാബു, സന്തോഷ് തണ്ണിക്കോട്, ദിവാകരൻ കാഞ്ഞാവെളി, പ്രഭാകരൻ പാട്ടമുക്ക്, ഓമനക്കുട്ടൻ, പ്രീത ചിറയടി, സുലജ, വസന്തകുമാരി, രെജിമോൾ, വത്സല സതീശൻ, സരിനി അനിൽ, ജി. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
District News
കൊല്ലം: ഒന്നല്ല,രണ്ടല്ല... കൊല്ലത്ത് തീ ചീറ്റുന്ന വാഹനങ്ങൾ യഥേഷ്ടം. ചവറയിലെ ഒരു എൻജിനിയറിംഗ് കോളജ് നടത്തിയ ഓട്ടോ ഷോയിലാണ് അവസാനമായി തീചീറ്റുന്ന കാറുകൾ വന്നത്. ചീറി പായുന്ന ബൈക്കുകളും തീതുപ്പുന്ന കാറുകളും വിദ്യാർഥികളും യുവാക്കളും ഹരമായി കാണുന്നകാലം. വാഹനങ്ങളില്‍ അപകടരമായ ഒരു മാറ്റവും വരുത്താന്‍ പാടില്ലെന്നും മേളകളിലോ എക്സ്പോകളിലോ ഇത്തരം വാഹനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും പാടില്ലെന്നും എംവിഡി ഉദ്യോഗസ്ഥര്‍ പറയുന്പോൾ തന്നെയാണ് ഇതെല്ലാം നടക്കുന്നത്. അടുത്തിടെ കുണ്ടറയിൽ സമാനമായ രീതിയിൽ തീചീറ്റുന്ന കാർ ഉപയോഗിച്ച് വിവാഹ ആഘോഷം നടത്തിയതിന് പിന്നാലെയാണ് കോളജ് കാമ്പസിലും ഇത് ആവർത്തിച്ചത്.
കഴിഞ്ഞദിവസം തീ ചീറ്റുന്ന മറ്റൊരു കാർ എംവിഡി പിടികൂടിയിരുന്നു. കൊല്ലം കുണ്ടറ ഇളമ്പള്ളൂരില്‍ തീ തുപ്പി നിരത്തില്‍ ഭീതി സൃഷ്ടിച്ച കാറാണ് മോട്ടോര്‍ വാഹന വകുപ്പ് കണ്ടെത്തിയത്. കാറിന്റെ പുക കുഴല്‍ വഴി അപകടകരമായ രീതിയില്‍ തീ തുപ്പുന്ന കാര്‍ വർക്ക്ഷോപ്പിൽ നിന്നാണ് കണ്ടെത്തിയത്. രൂപമാറ്റം വരുത്തി പുതിയ നിറമടിക്കാനായിരുന്നു നീക്കം. സമൂഹമാധ്യമത്തിലടക്കം ദൃശ്യങ്ങള്‍ വൈറലായിരുന്നു. വാഹനം സ്റ്റാര്‍ട്ടാക്കുമ്പോഴും റെയിസ്് ചെയ്യുമ്പോഴും പുകകുഴല്‍ വഴി തീ തുപ്പുന്നുണ്ടായിരുന്നു. കൊല്ലത്തെ ഒരു വിവാഹചടങ്ങില്‍ പങ്കെടുക്കാനായി വന്നവര്‍ സഞ്ചരിച്ച വാഹനമായിരുന്നു ഇത്.
ദൃശ്യങ്ങള്‍ പകര്‍ത്തിയവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോഴാണ് നാട്ടുകാരും അറിയുന്നത്. ദൃശ്യങ്ങള്‍ വൈറലായി. ഇതോടെ മോട്ടോര്‍വാഹനവകുപ്പ് കാര്‍ കണ്ടെത്താന്‍ പരക്കം പാഞ്ഞു.
നിരത്തുകളിൽ രൂപമാറ്റം വരുത്തിയ ബൈക്കുകളുമായി ചീറിപ്പായുന്നതും അപകടകരമായി വാഹനമോടിക്കുന്നതും തടയാൻ പോലീസും മോട്ടോർ വാഹന വകുപ്പും കർശന നടപടികൾ സ്വീകരിക്കുന്നുണ്ടെന്നാണ് പറയാറുള്ളത്. ഓപ്പറേഷൻ ബൈക്ക് സ്റ്റണ്ട്പോലുള്ള പരിശോധനകളിലൂടെ, ഹെൽമെറ്റ് ധരിക്കാതെയും അമിതവേഗതയിലും പോകുന്നവർക്കെതിരെ നടപടിയെടുക്കുന്നുണ്ട്.
രൂപമാറ്റം നിയമലംഘനം
വാഹനങ്ങളിലെ മോഡിഫിക്കേഷനുകൾ നമ്മുടെ രാജ്യത്ത് നിയമലംഘനമാണെന്നിരിക്കെ അത്തരം പ്രവർത്തികൾ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വർധിച്ചു കൊണ്ടിരിക്കുകയാണ്. പല നിയമലംഘനങ്ങളും അധികൃതരുടെ ശ്രദ്ധയിൽപ്പെടുമ്പോൾ അതിനെതിരെ തക്കതായ നടപടികൾ കൈക്കൊളളുന്നുണ്ടെങ്കിലും ഈ പ്രവണത വർധിക്കുന്നുണ്ട്.
കാർ നീന്തൽക്കുളം
കാറിൽ നീന്തൽക്കുളം ഒരുക്കി റോഡിലൂടെ യാത്ര ചെയ്ത വ്ലോഗറെ കേരളം കണ്ടതാണ്. എന്ത് ചെയ്താലും പ്രശ്നമില്ലെന്ന ധാരണയാണിത്. കൂടാതെ കാഴ്ചക്കാരെ സൃഷ്ടിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലുള്ളത്. നിയമങ്ങളെ കുറിച്ച് അറിവില്ലായ്മയും കൂടെയുണ്ട്. ഇയാളെ പിടിച്ചു മോട്ടർ വാഹന വകുപ്പ് ശിക്ഷയും കൊടുത്തിരുന്നു. മെഡിക്കൽ കോളജിൽ സന്നദ്ധ സേവനം ചെയ്യിച്ചു.
കാറിനു മുകളിൽ യാത്ര
കൊടുവള്ളിയിൽ കാറിനുമുകളിൽ കുട്ടികളെ കയറ്റിയിരുത്തി അപകടകരമായ രീതിയിൽ ഡ്രൈവിംഗ് നടത്തിയത് പിടികൂടിരുന്നു. ദേശീയപാതയിൽ കുന്ദമംഗലത്താണ് സൺ റൂഫിന് മുകളിൽ മൂന്നുകുട്ടികളെ കയറ്റിയിരുത്തിയാണ് പിതാവ് അതിവേഗം അപകടകരമായ രീതിയിൽ കാറോടിച്ചത്. മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാക്കൾ കാറിനുമുകളിലും ഡോർ തുറന്നു പിടിച്ചു അപകടകരമായി കയറി നിന്നും അഭ്യാസം കാണിക്കുന്നതും നിത്യസംഭവമാണ്. പിടികൂടാറുമുണ്ട്. കുട്ടികളെ കൊണ്ടു കാർ ഓടിപ്പിക്കുന്നതും കുട്ടികളെ ബോണറ്റിലിരുത്തി ഡ്രൈവസ് ചെയ്യുന്നതും കേരളത്തിൽ നിത്യസംഭവമായിരിക്കുന്നു.
ഹൈക്കോടതി വിധി
വാഹനങ്ങൾ രൂപമാറ്റം വരുത്തുന്നതിൽ കർശന നിർദേശവുമായി ഹൈക്കോടതി വിധി തന്നെ നിലവിലുണ്ട്. വാഹനത്തിൽ വരുത്തുന്ന ഓരോ രൂപമാറ്റത്തിന് 5000 രൂപ പിഴയിടാക്കാമെന്നാണ് കോടതി വിധിയുള്ളത്. ഡ്രൈവർ കാബിനിലിരുന്ന് വീഡിയോ പകർത്തുന്നതും കുറ്റകരമാണെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ വീഡിയോ പകർത്തുന്നതു ഡ്രൈവറുടെ ശ്രദ്ധ തെറ്റിക്കും എന്നതിനാലാണ് ഇത്. വാഹനങ്ങൾ രൂപമാറ്റം വരുത്തുകയും അധിക എൽഇഡി ലൈറ്റുകളും മറ്റും ഫിറ്റ് ചെയ്യുകയും ഈ വീഡിയോകൾ യുട്യൂബിലടക്കം പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന വ്ലോഗർമാർക്കെതിരെ നടപടി സ്വീകരിക്കാൻ കോടതി നിർദേശിച്ചിരുന്നു.
റോഡ് സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന വിധം വാഹനങ്ങളിൽ രൂപമാറ്റം വരുത്തി നിയമലംഘനം നടത്തുന്നവരുടെ ലൈസൻസും വാഹനങ്ങളുടെ ആർസി ബുക്കും റദ്ദാക്കാനുള്ള വ്യവസ്ഥകൾ അധികൃതർ കർശനമായി പാലിക്കണമെന്നും വാഹനങ്ങൾ വലിയതോതിൽ രൂപമാറ്റം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് മോട്ടോർ വാഹന നിയമം 190 (2) വകുപ്പു പ്രകാരം സസ്പെൻഡ് ചെയ്യണമെന്നും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
മൂക്കിനു താഴെ നിയമലംഘനം
ലൈസൻസ് കൊടുക്കാൻ ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ തന്നെ നിയമലംഘനത്തിനു കൂട്ടുനിന്നാൽ ആരെയാണ് കുറ്റം പറയാൻ സാധിക്കുന്നത്. ലൈസൻസിനു മുന്‍പുള്ള ബോധവത്കരണത്തിന് എത്തുന്ന അപേക്ഷകർ ഭൂരിപക്ഷവും ബൈക്കിലോ സ്കൂട്ടറിലാണ് കൊല്ലത്ത് എത്തുന്നത്. ഉദ്യോഗസ്ഥരുടെ ബോധവത്കരണം കഴിയുന്പോൾ ഇവർ ഓടിച്ചുകൊണ്ടു പോകുന്നു. അപ്പോഴും ഒരു സംശയം മാത്രം നാട്ടുകാർക്ക് ബാക്കിയാകുന്നു. ലൈസൻസ് ഇല്ലാത്ത ഇവരെല്ലാം എങ്ങനെയാണ് വാഹനം ഓടിച്ചു വരുന്നത്.
എങ്ങനെയാണ് ഇവർക്ക് ഈ സ്ഥാപനത്തിൽ തന്നെ ഉദ്യോഗസ്ഥർക്ക് ഒപ്പം വാഹനം പാർക്ക് ചെയ്യാൻ കഴിയുന്നത്. ലേണേഴ്സ് ഉണ്ടെങ്കിൽ എൽ ചിഹ്നമെങ്കിലും വാഹനത്തിൽ കാണില്ലേ. അപ്പോൾ ഇവിടെ കുറച്ചു കാശ് അടച്ചു ഉദ്യോഗസ്ഥരുടെ ക്ലാസും കഴിയുന്പോൾ എല്ലാം ശരിയാകുമോ. ഇതെല്ലാം ഒന്ന് അന്വേഷിക്കാൻ ആർക്കാണ് കഴിയുന്നത്.
District News
കൊല്ലം: കൊട്ടാരക്കര ബൈപാസ് നിര്‍മാണത്തിനായുള്ള സ്ഥലം ഏറ്റെടുക്കല്‍ നടപടികൾ അന്തിമ ഘട്ടത്തിലേക്ക്. ഏറ്റെടുക്കേണ്ട ഭൂമിയുടെ നഷ്ടപരിഹാരത്തുക നിശ്ചയിക്കുന്നത് സംബന്ധിച്ച നടപടികൾ രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാകും. ഭൂമി വിട്ടുനൽകുന്നവരിൽ ആക്ഷേപം സമർപ്പിച്ചവർക്കുള്ള ഹിയറിംഗ് ഇന്ന് കൊട്ടാരക്കര സിവിൽ സ്റ്റേഷനിൽ രാവിലെ 10 ന് ആരംഭിക്കും.
ഏറ്റെടുക്കേണ്ട ഭൂമിയിലെ കെട്ടിടങ്ങൾ, മരങ്ങൾ, കാർഷിക വിളകൾ ഉൾപ്പെടെയുള്ളവയുടെ വില നിർണയം നടത്തി ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇതി െ ന്റ കൂടി അടിസ്ഥാനത്തിൽ ഓരോ ഭൂമിയുടെയും നഷ്ടപരിഹാര തുക നിശ്ചയിക്കും. ഏറ്റെടുക്കുന്ന ഭൂപ്രദേശങ്ങളെ വിവിധ റീച്ചുകളായി തിരിച്ചാണ് ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്നത്. ആദ്യ ബാച്ച് ആളുകൾക്ക് ഫെബ്രുവരി അവസാന വാരം നഷ്ടപരിഹാരം ലഭ്യമാകും.
കൊട്ടാരക്കര നിവാസികളുടെയും കൊട്ടാരക്കര വഴി കടന്നുപോകുന്ന പതിനായിരക്കണക്കിന് ആളുകളുടെയും യാത്രാദുരിതത്തിന് പരിഹാരമാകുന്ന സുപ്രധാന പദ്ധതിയിലെ മറ്റൊരു നിര്‍ണായക ഘട്ടംകൂടി പിന്നിടുകയാണെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിനുള്ള 11(1) വിജ്ഞാപനം കഴിഞ്ഞ ജനുവരി 13-നാണ് പുറത്തിറങ്ങിയത്.
ഇതോടെ പതിറ്റാണ്ടുകളായി ഗതാഗത കുരുക്കുകൊണ്ട് വലയുന്ന കൊട്ടാരക്കര നഗരത്തിന് വലിയ ആശ്വാസമായി മാറുന്ന ബൈപാസ് യാഥാർഥ്യമാകുന്നതിന്റെ സുപ്രധാന ഘട്ടത്തിലേക്ക് കടന്നത്. കൊട്ടാരക്കര, മൈലം വില്ലേജുകളിലായി 6.2432 ഹെക്ടര്‍ (15.5 ഏക്കര്‍) സ്ഥലമാണ് ബൈപാസിനായി ഏറ്റെടുക്കുന്നത്.
ബൈപാസിന്റെ നാള്‍വഴികള്‍
കൊല്ലം: 2022 ലാണ് കൊട്ടാരക്കര ബൈപാസ് പദ്ധതി രൂപകല്പന ചെയ്യുന്നത്. തുടര്‍ന്ന് കിഫ്ബി വഴി ആദ്യഘട്ടം എന്ന നിലയില്‍ ഭൂമിയേറ്റെടുക്കലിനായി 110 കോടി രൂപ അനുവദിപ്പിച്ചു.കൊട്ടാരക്കര -തിരുവനന്തപുരം എംസി റോഡില്‍ ലോവര്‍ കരിക്കത്തെ ഡ്രൈവിംഗ് ടെസ്റ്റിംഗ് ഗ്രൗണ്ടിന് സമീപത്തുനിന്നും ആരംഭിച്ച്, പുലമണില്‍ ദേശീയപാതയ്ക്ക് കുറുകെ മേല്‍പ്പാതയായി എത്തി, ഗോവിന്ദമംഗലം റോഡിലൂടെ മൈലം വില്ലേജ് ഓഫീസിന് സമീപം എംസി റോഡില്‍ ചേരുന്ന നിലയില്‍ നാലുവരി പാതയായാണ് ബൈപാസ് വിഭാവനം ചെയ്തിരിക്കുന്നത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് ബൈപാസ് പദ്ധതിയുടെ നിർവഹണ ചുമതല.
ബൈപാസിന്റെ ആകെ നീളം 2.8 കിലോ മീറ്ററാണ്. അതില്‍ 1.6 കിലോ മീറ്റർ റോഡും 1.2 കിലോ മീറ്റർ നീളമുള്ള ഫ്ളൈ ഓവറും ഉള്‍പ്പെടുന്നു. റോഡി െ ന്റ വീതി 23 മീറ്ററും ഫ്ളൈ ഓവറി െ ന്റ വീതി 20 മീറ്ററുമാണ്. 2023 ഫെബ്രുവരി 27 ന് ചേര്‍ന്ന കിഫ്ബിയുടെ 45 -ാമത് ജനറല്‍ ബോഡി യോഗത്തിലാണ് ബൈപാസ് നിര്‍മിക്കുന്നതിനായി കെആര്‍എഫ്ബി സമര്‍പ്പിച്ച 110.35 കോടി രൂപയുടെ ഭൂമിയേറ്റെടുക്കല്‍ പദ്ധതി അംഗീകരിച്ചത്. കൊട്ടാരക്കര, മൈലം വില്ലേജുകളില്‍നിന്നും ബൈപാസിനായി ഭൂമി ഏറ്റെടുക്കുന്നതിന് കൊല്ലം ജില്ലാ കളക്ടര്‍ക്ക് അനുമതി നല്‍കിക്കൊണ്ട് 2024 ഡിസംബർ 17 ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.
സ്പെഷല്‍ തഹസില്‍ദാരെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്കായി ചുമതലപ്പെടുത്തി. സാമൂഹികാഘാത പഠനം നടത്തുന്നതിനായി 2024 ഡിസംബർ 26 ന് കളമശേരി രാജഗിരി ഔട്ട് റീച്ച് എന്ന സ്ഥാപനത്തെ നിയോഗിച്ചു.2025 മെയ് 18 ന് സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സാമൂഹിക ശാസ്ത്രജ്ഞന്, പുനരധിവാസ വിദഗ്ധന്‍, തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വിദഗ്ദ്ധസമിതി ഈ റിപ്പോര്‍ട്ട് പരിശോധിച്ച് ഭൂമിയേറ്റെടുക്കല്‍ നടപടിയുമായി മുന്നോട്ടുപോകാമെന്ന് സര്‍ക്കാരിനെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിയേറ്റെടുക്കുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചത്.
2026 മാര്‍ച്ചില്‍ തന്നെ ഈ നടപടികള്‍ പൂര്‍ത്തിയാക്കി നഷ്ടപരിഹാര തുക നല്കാന് കഴിയുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അത് സമയബന്ധിതമായി പുരോഗമിക്കുകയാണ്. 2027ഓടെ കൊട്ടാരക്കര ബൈപാസ് യാഥാര്‍ഥ്യമാക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളത്.
District News
നെടുമങ്ങാട്: പതിനൊന്നുകാരിയായ മകളുടെ മുന്നിൽവച്ച് യുവതിയെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തി കൊന്ന കേസിൽ അമ്മയ്ക്കും മകനും ജീവപര്യന്തം തടവും പിഴയും. പാങ്ങോട് പഴവിള അപ്പൂപ്പൻപാറ സ്വദേശി സിന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ പാങ്ങോട് ചന്തക്കുന്ന് സ്വദേശിനി റാഹില ബീവിയും മകൻ സാഗറുമാണ് ശിക്ഷിക്കപ്പെട്ടത്. നെടുമങ്ങാട് എസ്സി/എസ് ടി കോടതി ജഡ്ജി ഷാജഹാനാണു ശിക്ഷ വിധിച്ചത്. കേസിൽ ഇരുപ്രതികളും കുറ്റക്കാരാണെന്നു വെള്ളിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.
2016 ഡിസംബർ ഒന്പതിനു രാത്രി പത്തോടെയായായിരുന്നു സംഭവം. റാഹില ബീവിയുടെ മറ്റൊരു മകൻ സാജന്റെ ഭാര്യ സിന്ധുവിനെയാണ് ഇവരുടെ മകളുടെ മുന്നിൽവച്ച് തീക്കൊളുത്തി കൊലപ്പെടുത്തിയത്. മറ്റൊരുവീട്ടിൽ താമസിക്കുകയായിരുന്ന സിന്ധുവിനെ സ്വന്തം വീട്ടിലേക്കു വിളിച്ചുവരുത്തിയാണു പ്രതികൾ കൃത്യം നടത്തിയത്. പതിനൊന്നു വയസുകാരിയായ മകളുടെ മുന്നിൽവച്ച് സിന്ധുവിന്റെ ദേഹത്തേക്കു റാഹിലബീവി മണ്ണെണ്ണയൊഴിക്കുകയും ഇവരുടെ മകനും സാജന്റെ സഹോദരുമായ സാഗർ തീ കൊളുത്തുകയുമായിരുന്നു.
ഗുരുതര പൊള്ളലേറ്റ സിന്ധു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ പിറ്റേ ദിവസം മരിച്ചു. പരിസരവാസികളായ ദൃസാക്ഷികളും സിന്ധുവിന്റെ മകളുമായിരുന്നു കേസിലെ സാക്ഷികൾ. മകൾ ഒഴിച്ചുള്ള സാക്ഷികളൊക്കെ പിന്നീട് കൂറുമാറി. പാങ്ങോട് പോലീസാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എൻ.ആർ. സന്ദീപും പ്രതികൾക്കു വേണ്ടി ശാസ്തമംഗലം അജിത്തും കോടതിയിൽ ഹാജരായി.
District News
കൊല്ലം: കാർഷിക മേഖലയിൽ കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രശ്നങ്ങൾ നേരിടാൻ ലോക ബാങ്കി െന്റ സഹായത്തോടെ കേര പദ്ധതി നടപ്പാക്കിയെന്ന് കൃഷിമന്ത്രി പി. പ്രസാദ്. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജില്ലാ കാർഷികോത്സവം - ഹരിതം 2026 െ ന്റ സമാപന സമ്മേളനത്തി െ ന്റ ഉദ്ഘാടനം പുലമൺ മലങ്കര ഓർത്തഡോക്സ് ക്രിസ്ത്യൻ സെന്ററിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ 1074 കൃഷിഭവനികളിലൂടെ കർഷകരിൽ നിന്ന് ശേഖരിക്കുന്ന 4000 കാർഷിക മൂല്യവർധിത ഉത്പന്നങ്ങളാണ് സർക്കാർ 'കേരള ഗ്രോ' ബ്രാൻഡിലൂടെ വിറ്റഴിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാർഷിക സർവകലാശാല 15 വിത്തിനങ്ങൾ പുറത്തിറക്കി. കഴിഞ്ഞ 10 വർഷത്തിനിടെ പഴം - പച്ചക്കറി ഉൽപാദനം ആറ് ലക്ഷം ടണ്ണിൽ നിന്ന് 19.6 ലക്ഷം ടണ്ണായി ഉയർന്നുവെന്നും മന്ത്രി പറഞ്ഞു.
മന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷനായി. കാർഷികോത്സവത്തി െ ന്റ ഭാഗമായി നടത്തിയ മത്സരങ്ങളുടെ വിജയികൾക്കുള്ള സമ്മാനവിതരണവും മികച്ച കർഷകർക്കുള്ള പുരസ്കാര വിതരണവും മന്ത്രി കെ. എൻ. ബാലഗോപാൽ നിർവഹിച്ചു.കൊടിക്കുന്നിൽ സുരേഷ് എംപി മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, വൈസ് പ്രസിഡന്റ് എസ്. ആർ. അരുൺ ബാബു, സ്ഥിരംസമിതി അധ്യക്ഷ ജി. സരസ്വതി, കൊട്ടാരക്കര മുനിസിപ്പൽ ചെയർപേഴ്സൺ അനിത ഗോപകുമാർ, ഡെപ്യൂട്ടി ചെയർപേഴ്സൺ ഷാജു, സ്ഥിരംസമിതി അധ്യക്ഷരായ എസ്. ആർ. രമേഷ്, ഡി. രാമകൃഷ്ണപിള്ള, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ ഭാരവാഹികൾ, ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.
District News
കൊട്ടിയം: ആദ്യ വേനൽ മഴയിൽ തന്നെ ദേശീയ പാതയിലെ സർവീസ് റോഡ് വെള്ളക്കെട്ടായി. സർവീസ് റോഡുകളും അണ്ടർ പാസേജുകളിലും വെള്ളം കെട്ടി കിടന്നതോടെ വാഹന യാത്ര ദുസഹമായി. സ്കൂട്ടറുകളുടെയും ഓട്ടോറിക്ഷകളുടെയും എൻജിനുകളിൽ വെള്ളം കയറി.
കൊട്ടിയം മുതൽ പാരിപ്പള്ളി വരെ ദേശീയപാതയുടെ ഭാഗമായ സർവീസ് റോഡുകൾ വെള്ളം കൊണ്ട് നിറഞ്ഞു. ശനിയാഴ്ച രാത്രിയിൽ പെയ്ത മഴയിലാണ് സർവീസ് റോഡുകളിൽ വെള്ളം പൊങ്ങിയത്. കൊട്ടിയം കിംസ് ആശുപത്രിക്കു സമീപവും പറക്കുളം ന്യൂ രാജസ്ഥാൻ മാർബിളിന് സമീപവും ആണ് വെള്ളം അനിയന്ത്രിതമായി കുതിച്ചു പൊങ്ങിയത്. ചാത്തന്നൂർ, തിരുമുക്ക് , കല്ലുവാതുക്കൽ, പാരിപ്പള്ളി എന്നിവിടങ്ങളിലും മഴ പെയ്തതോടെ ദയനീയാവസ്ഥയായി. ഉയരപ്പാതയിലെ വെള്ളം ഇരുവശങ്ങളിലുമായി മൺമതിലിൽ താഴേക്ക് വച്ചിരിക്കുന്ന പൈപ്പുകളിലൂടെ സർവീസ് റോഡിലേക്കാണ് വീഴുന്നത്.
പറക്കുളത്ത് ആർഇ വാളിന്റെ വിടവുകളിലൂടെ വെള്ളം പുറത്തേക്കും ഒഴുകുന്നുണ്ടായിരുന്നു. കൊട്ടിയത്ത് പെട്രോൾ പമ്പിന് സമീപവും ആർഇ വാളിലൂടെ വെള്ളം റോഡിലേക്ക് വീഴുന്നുണ്ടായിരുന്നു. ഈ രണ്ടു സ്ഥലങ്ങളിലും പൊതു ജനങ്ങൾ മേൽപലത്തിൽ വലിയ വിള്ളലുകൾ അധികൃതരെ ചൂണ്ടി കാണിച്ചിരുന്നു. എന്നാൽ വിള്ളൽ കണ്ട സ്ഥലങ്ങൾ കരാർ കമ്പനി ടാർ ഇട്ടു അടക്കുകയാണുണ്ടായത്. ഇങ്ങനെ തുടർച്ചയായി വെള്ളകെട്ടുണ്ടായാൽ എച്ച്പി പമ്പിനു സമീപവും പറക്കുളത്തും മൈലക്കാടിന് സമാനമായ വലിയ അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
തുടർന്നു വരുന്ന വലിയ ശക്തമായ മഴക്ക് മുമ്പ് ഓടകളുടെ പുനക്രമീകരണം നടത്തി വെള്ളകെട്ടിൽ നിന്നും ഗതാഗത കുടുക്കിൽ നിന്നും ഒഴിവാക്കാനുള്ള നടപടികൾ അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടാകണമെന്ന് റൈസിംഗ് കൊട്ടിയം പ്രസിഡന്റ് ആലോഷിയോസ് റോസാറിയോ സെക്രട്ടറി രാജേഷ് ആധാരം എന്നിവർ നിർമാണ കമ്പനി അധികാരികളോട് ആവശ്യപ്പെട്ടു. സർവീസ് റോഡിൽ ഓടകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമല്ലെന്ന ആക്ഷേപവും നിലവിലുണ്ട്.
District News
കൊല്ലം: പാരിപ്പള്ളിയിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പാരിപ്പള്ളി കോട്ടക്കേറം തെറ്റിക്കുഴി ആശാരിവിള വീട്ടില്‍ ഗോകുല്‍ ജി. നാഥ് (32) ആണ് അറസ്റ്റിലായത്. പാരിപ്പള്ളി പോലീസും ചാത്തന്നൂര്‍ എസിപി അനുരൂപിന്റെ നേതൃത്വത്തിലുള്ള സബ് ഡിവിഷന് ഡാന്‍സാഫ് സംഘവും പാരിപ്പള്ളി ഇന്‍സ്പെക്ടര്‍ ഗിരീഷ്, എസ് ഐ സായിസേനൻ എന്നിവരും ചേര്‍ന്നാണ് പാരിപ്പള്ളി തെറ്റിക്കുഴിയില്‍ നിന്നും 1.02 ഗ്രാം എംഡിഎംഎയുമായി ഗോകുലിനെ അറസ്റ്റ് ചെയ്യുന്നത്.
പ്രതി അന്യസംസ്ഥാനങ്ങളില്‍ നിന്നും ലഹരി മരുന്ന് കടത്തിക്കൊണ്ട് വന്ന് യുവാക്കള്‍ക്ക് വിതരണം ചെയ്യുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. പ്രതിക്കെതിരെ നിരവധി ലഹരി കേസുകള്‍ ചാത്തന്നൂര്‍ സബ്ഡിവിഷനിലെ പോലീസ് സ്റ്റേഷനുകളില്‍ നിലവിലുണ്ട്.
District News
കൊല്ലം: ശ്രീനാരായണ വനിതാ കോളജിലെ ജൈവവൈവിധ്യ ക്ലബി െ ന്റ നേതൃത്വത്തിൽ കാവനാട് മേരി ലാൻഡ് കണ്ടൽക്കാട്ടിൽ പ്ലാസ്റ്റിക് ശുചീകരണ യജ്ഞം നടത്തി. കോളജ് പ്രിൻസിപ്പലും ജൈവവൈവിധ്യ ക്ലബ് കോർഡിനേറ്ററുമായ നിഷാ വി.എസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഡബ്ലിയു ഡബ്ലിയു ഇന്ത്യ വോളണ്ടിയറുമായ ടി.പ്രീതി, ക്ലബ് അംഗങ്ങൾ ആയ വിദ്യാർഥികൾ, അധ്യാപിക ഡോ. ആർ.ദിവ്യ എന്നിവർ നേതൃത്വം നൽകി.
പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർഥികൾ ഏർപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ മൂല്യബോധം ഉൾക്കൊണ്ടുകൊണ്ടാണ് കേരള ജൈവവൈവിധ്യ ബോർഡി െന്റ കീഴിൽ ശ്രീനാരായണ വനിതാ കോളജി െ ന്റ ജൈവവൈവിധ്യ ക്ലബ് പ്രവർത്തിച്ചു വരുന്നതെന്ന് ജൈവവൈവിധ്യ ക്ലബ് കോർഡിനേറ്റർ കൂടിയായ പ്രിൻസിപ്പൽ പറഞ്ഞു.
District News
കൊല്ലം: അഭിപ്രായ സ്വാതന്ത്ര്യം മാത്രമല്ല, പൊതുസമൂഹത്തിന്റെ ദൈനംദിന കാര്യങ്ങൾ തീരുമാനിക്കുന്നതു പോലും മാധ്യമങ്ങളാണെന്നു മേയർ എ.കെ ഹഫീസ്. സീനിയർ ജേർണലിസ്റ്റ് ഫോറം സംസ്ഥാന സമ്മേളനത്തി െ ന്റ സ്വാഗത സംഘ രൂപീകരണ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ഹഫീസ്.
സമ്മേളനം എം. നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, സിപിഎം ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, കെപിസിസി രാഷ്ട്രീയ കാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, ഫോറം സംസ്ഥാന പ്രസിഡന്റ് അലക്സാണ്ടർ സാം, ജനറൽ സെക്രട്ടറി കെ.പി വിജയ കുമാർ, സംസ്ഥാന സെക്രട്ടറി കെ. സുന്ദരേശൻ തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് എസ്. സുധീശൻ സ്വാഗതവും സെക്രട്ടറി എം.എ മജീദ് നന്ദിയും പറഞ്ഞു.
കൊല്ലം സഹകരണ അർബൻ ബാങ്ക് ചെയർമാനും കെപിസിസി സെക്രട്ടറിയുമായ അഡ്വ. കെ ബേബിസൺ, കെപിസിസി ജനറൽ സെക്രട്ടറി സൂരജ് രവി, ഡോ. നടയ്ക്കൽ ശശി, ഡി. ഗീതാ കൃഷ്ണൻ, എം. മാത്യൂസ്, രാജശേഖരൻ നായർ, എസ്. ചന്ദ്രൻ, ഹേമന്ദ് കുമാർ, സ്യമന്തഭദ്രൻ, എൻ. ജയപ്രകാശ്, നിസാമുദ്ദീൻ, ബി. ചന്ദ്രമോഹൻ, പ്രദീപ് ആശ്രാമം, പി.ജി സലീം കുമാർ, അഡ്വ. വിനോദ് ജി അമ്മ വീട് തുടങ്ങിയവർ പങ്കെടുത്തു.
District News
കൊട്ടാരക്കര: കേരളത്തെ മദ്യാലയമാക്കാൻ ബാർ ഉടമകൾക്ക് പിണറായി സർക്കാർ എല്ലാ ഒത്താശയും നൽകുന്നതി െ ന്റ ഭാഗമാണ് ബാർ സമയം നീട്ടി കൊണ്ടുള്ള സർക്കാർ തീരുമാനമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എം. പി.അഞ്ജന.
ബാർ പ്രവർത്തന സമയം നീട്ടിയ സർക്കാർ ഉത്തരവിനെതിരെ ബിജെപി ഈസ്റ്റ് ജില്ലാ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ധന മന്ത്രിയുടെ കൊട്ടാരക്കരയിലെ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അധ്യക്ഷയായി. മഹിളാ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രിയങ്ക, കൊട്ടാരക്കര നഗരസഭ പാർലമെന്ററി നേതാവ് പ്രസന്ന ശ്രീഭദ്ര,
മഹിളാ മോർച്ച കുന്നത്തൂർ മണ്ഡലം പ്രസിഡന്റ് രമ്യ, നെടുവത്തൂർ പ്രസിഡന്റ് സീമ, ബിജെപി ജനറൽ സെക്രട്ടറിമാരായ എ. ആർ. അരുൺ പട്ടാഴി, അഡ്വ. വയക്കൽ സോമൻ, ജില്ലാ ട്രഷറർ അരുൺ കാടാംകുളം, കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, നെടുവത്തൂർ മണ്ഡലം പ്രസിഡന്റ് എം. ശ്രീനിവാസൻ, ബിജെപി കൊട്ടാരക്കര ടൗൺ ഏരിയ പ്രസിഡന്റ് സൂസമ്മ ബിനു എന്നിവർ പ്രസംഗിച്ചു.
District News
എതിർപ്പ് മറികടന്ന് പദ്ധതി ആരംഭിച്ചാൽ ജനങ്ങൾ ഒറ്റക്കെട്ടായി സമര രംഗത്തേക്ക്
മലപ്പുറം: പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ അറവങ്കര - അരിന്പ്ര റോഡിൽ മൈലാടിക്കും ചെറുവെള്ളൂരിനുമിടയിൽ ആരംഭിക്കാനിരിക്കുന്ന സ്വകാര്യ മലിനജല സംസ്കരണ പ്ലാന്റിനെതിരേ നാട്ടുകാർ സമരരംഗത്തേക്ക്. വരാനിരിക്കുന്ന വൻകിട പദ്ധതി ജനവാസ പ്രദേശത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ രൂപീകരിച്ച ജനകീയ സമരസമിതി സമരപ്രഖ്യാപന കണ്വൻഷൻ സംഘടിപ്പിച്ചു.
അറവങ്കര ചെറുവെള്ളൂർ മദ്രസ പരിസരത്ത് സംഘടിപ്പിച്ച കണ്‍വൻഷനിൽ സ്ത്രീകളും കുട്ടികളും മുതിർന്നവരുമുൾപ്പെടെ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പൂക്കോട്ടൂർ ഗ്രാമപഞ്ചായത്തിലെ 14-ാം വാർഡിൽ മൈലാടി മലയോടു ചേർന്നുള്ള സ്ഥലത്ത് സ്വകാര്യ ഭൂമിയിലാണ് മാലിന്യ സംസ്കരണ പ്ലാന്റ് ആരംഭിക്കാൻ ശ്രമം നടക്കുന്നത്.
ആശുപത്രികൾ, ഹോട്ടലുകൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ ശുചിമുറി മാലിന്യമുൾപ്പെടെയുള്ള മലിനജലം ടങ്കർ ലോറികളിൽ കൊണ്ടുവന്ന് സംസ്ക്കരിക്കുന്നതാണ് പദ്ധതി. അഞ്ച് ലക്ഷം ലിറ്റർ മലിനജലം സംസ്കരിക്കാൻ ഉതകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി സ്വകാര്യ ഭൂമിയിൽ പ്രഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്.
മലഞ്ചെരുവിൽ അനധികൃതമായി ചെങ്കല്ല് വെട്ടിയാണ് പ്ലാന്റിന് സ്ഥലമൊരുക്കുന്നതെന്ന് നാട്ടുകാരും സമര സമിതി ഭാരവാഹികളും പറഞ്ഞു. ജനവാസ പ്രദേശത്ത് വൻതോതിൽ മലിനജലം കൊണ്ടുവന്ന് സംസ്കരിക്കുന്നത് പ്രദേശത്തെ മലിനമാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
പ്രദേശത്ത് ഇത്തരമൊരു പ്ലാന്റിന് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ നേതൃത്വത്തിൽ സമരസമിതി ജില്ലാ കളക്ടർ, വില്ലേജ് ഓഫീസർ, ഗ്രാമപഞ്ചായത്ത് അധികൃതർ, ജിയോളജി വിഭാഗം, പൊലൂഷൻ കണ്ട്രോൾ ബോർഡ് എന്നിവിടങ്ങളിലെല്ലാം പരാതി നൽകിയിട്ടുണ്ട്.
ജനങ്ങളുടെ എതിർപ്പ് മറികടന്ന് പദ്ധതി ആരംഭിക്കുകയാണെങ്കിൽ ഒറ്റക്കെട്ടായി സമര രംഗത്തിറങ്ങാൻ സമര പ്രഖ്യാപന കണ്‍വൻഷനിൽ തീരുമാനമായി. കെ.പി. ഉണ്ണീതുഹാജി കണ്വൻഷൻ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം പനയ്ക്കൽ ഗോപാലൻ അധ്യക്ഷത വഹിച്ചു. വി.പി. സലീം സമര പ്രഖ്യാപനം നടത്തി. ഇ.പി. ബാലകൃഷ്ണൻ, പറാഞ്ചേരി അബ്ദുൾ ഹമീദ്, പി. അബ്ദുറഹ് മാൻ, പി. രാംദാസ്, വി.പി. സുമയ്യ, ഗഫൂർ പടീകുത്ത്, ഷുഹൈബ്, കുഞ്ഞിമാൻ മൈലാടി എന്നിവർ പ്രസംഗിച്ചു.
District News
നിലമ്പൂർ: ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്തുണ്ടാകുമോ? നിലന്പൂരിൽ രാഷ്ട്രീയ ചർച്ച മുറുകുന്നു. കോണ്‍ഗ്രസ് സിറ്റിംഗ് എംഎൽഎമാരിൽ പാലക്കാട്ടെയും തൃപ്പൂണിത്തുറയിലെയും ഒഴികേ എല്ലാ എംഎൽഎമാർക്കും സീറ്റ് നൽകാൻ കോണ്‍ഗ്രസ് തീരുമാനിച്ചതോടെയാണ് ചർച്ച സജീവമായത്.
മലപ്പുറം ജില്ലയിൽ കോണ്‍ഗ്രസിന് രണ്ട് എംഎൽഎമാരാണുള്ളത്. കെപിപിസി വർക്കിംഗ് പ്രസിഡന്റ് എ.പി. അനിൽകുമാറും കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്തും.
ആര്യാടൻ ഷൗക്കത്ത് നിലന്പൂരിലും എ.പി.അനിൽകുമാർ വണ്ടൂരിലും സ്ഥാനാർഥികളാകും. കോണ്‍ഗ്രസിന്റെ സ്ഥാനാർഥി പട്ടികയുടെ ആദ്യ ലിസ്റ്റിൽ തന്നെ ഇരുവരുടെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കാനാണ് സാധ്യത.
കോണ്‍ഗ്രസിന് ജില്ലയിൽ മത്സരിക്കാൻ നാല് സീറ്റുകളാണ് ലഭിക്കുക. പൊന്നാനിയിലും തവനൂരിലും എൽഡിഎഫ് കുറച്ചുകാലമായി സ്ഥിരം ജയിച്ചുവരുന്ന സാഹചര്യമാണുള്ളത്. അതിനാൽ തന്നെ ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് പൊന്നാനിയിലും തവനൂരിലും മത്സരിക്കാനുള്ള സാധ്യത കുറവാണ്.
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലയിലെ തിരുവന്പാടി, പാലക്കാട് ജില്ലയിലെ പട്ടാന്പി മണ്ഡലവുമായി വച്ചുമാറ്റാൻ തയാറാണെങ്കിലും പട്ടാന്പി വിട്ടു നൽകാൻ കോണ്‍ഗ്രസ് തയാറല്ല. നിലന്പൂർ മണ്ഡലത്തിൽ ഇക്കുറി വി.എസ്. ജോയിക്ക് സീറ്റ് നൽകണമെന്ന് കോണ്‍ഗ്രസിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നതായും സൂചനയുണ്ട്. കെഎസ്യു സംസ്ഥാന പ്രസിഡന്റ്, കെപിസിസി സെക്രട്ടറി, ഡിസിസി പ്രസിഡന്റ് എന്ന നിലകളിൽ മികച്ച പ്രവർത്തനം നടത്തിയിട്ടുള്ള വി.എസ്. ജോയിക്ക് ഇക്കുറി കോണ്‍ഗ്രസ് ജയസാധ്യതയുള്ള സീറ്റ് നൽകുമെന്നാണ് കോണ്‍ഗ്രസിൽ വലിയൊരു വിഭാഗം പ്രതീക്ഷിക്കുന്നത്. എന്തായാലും വി.എസ്. ജോയിയുടെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട ചർച്ച നിലന്പൂർ മണ്ഡലത്തിൽ സജീവമാണ്.
ജോയ് ഡിസിസി പ്രസിഡന്റായ ശേഷം ജില്ലയിൽ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താൻ കഴിഞ്ഞുവെന്ന കാര്യത്തിൽ എതിരാളികൾക്കു പോലും സംശയമില്ല.തദ്ദേശ ഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കോണ്‍ഗ്രസിന് മിന്നുംവിജയമാണുണ്ടായത്. കോഴിക്കോട്, പാലക്കാട്, തൃശൂർ, പത്തനംതിട്ട ജില്ലകളിലെ ഏതെങ്കിലും ഒരു സീറ്റിൽ വി.എസ്. ജോയ് സ്ഥാനാർഥിയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
District News
ദേശീയപാത നിർമാണത്തിലെ അപാകതയെന്ന് ആക്ഷേപം
കുറ്റിപ്പുറം: കുറ്റിപ്പുറത്ത് വീടുകളിൽ വെള്ളം കയറി വൻ നാശനഷ്ടം. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപത്തെ രണ്ട് ക്വാർട്ടേഴ്സുകളിലാണ് ശനിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ വെള്ളം ഇരച്ചുകയറിയത്. ഉറങ്ങുകയായിരുന്ന രണ്ട് കുടുംബങ്ങളിലെ ഏഴ് പേർ സാഹസികമായാണ് രക്ഷപ്പെട്ടത്.ദേശീയപാത നിർമാണത്തിലെ അപാകതയെന്നാണ് ആക്ഷേപം.
ശനിയാഴ്ച രാത്രി ഒന്‍പതോടെ ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന കുടുംബങ്ങൾ വീടിനുള്ളിൽ വെള്ളം കയറുന്നത് അറിഞ്ഞിരുന്നില്ല. പട്ടാന്പി സ്വദേശി രാജേഷും ഭാര്യയും ഒരു മുറിയിലും തമിഴ്നാട് സ്വദേശികളായ രണ്ട് മാനസിക അസ്വസ്ഥതയുള്ളവർ ഉൾപ്പെടെ അഞ്ചുപേർ മറ്റൊരു മുറിയിലുമാണ് താമസിച്ചിരുന്നത്.
രാത്രി വൈകി ഉണർന്ന രാജേഷ് വീടിനുള്ളിൽ വെള്ളം നിറഞ്ഞത് കണ്ട് പരിഭ്രാന്തനായി. ഭാര്യയെ തോളിലേറ്റി പുറത്തിറങ്ങുന്പോൾ കഴുത്തറ്റം വെള്ളമുണ്ടായിരുന്നു. തുടർന്ന് ദേശീയപാത നിർമാണത്തൊഴിലാളികളെ വിളിച്ചുവരുത്തിയാണ് രണ്ടാമത്തെ മുറിയിലുണ്ടായിരുന്ന അഞ്ചുപേരെയും സുരക്ഷിതമായി പുറത്തെത്തിച്ചത്.
അത്താണി ബസാർ, ബംഗ്ലാംകുന്ന് പ്രദേശങ്ങളിൽനിന്നുള്ള മഴവെള്ളം ഭാരതപ്പുഴയിലേക്ക് ഒഴുക്കിവിടാനായി റെയിൽവേ മേൽപ്പാലത്തിന് താഴെ നിർമിക്കുന്ന കാനയുടെ പ്രവൃത്തി പൂർത്തിയാകാത്തതാണ് അപകടത്തിന് കാരണമായത്. ഇതോടെ മഴവെള്ളം കുത്തിയൊലിച്ച് വീടുകളിലേക്ക് ഇരച്ചുകയറുകയായിരുന്നു.
വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, കുടിവെള്ളം എന്നിവ ഉപയോഗശൂന്യമായി. പ്രധാനപ്പെട്ട രേഖകൾ ചെളിയും വെള്ളവും കയറി നശിച്ചു. നിത്യവൃത്തിക്കായി കൂലിപ്പണി ചെയ്യുന്ന കുടുംബങ്ങളുടെ ഉപജീവന മാർഗങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്.
സംഭവത്തെത്തുടർന്ന് ദേശീയപാത നിർമാണ കന്പനി അധികൃതർ സ്ഥലത്തെത്തി നാശനഷ്ടങ്ങൾക്ക് പരിഹാരം കാണാമെന്ന് ഉറപ്പുനൽകി. എന്നാൽ കൃത്യമായ നഷ്ടപരിഹാരം ലഭിച്ചില്ലെങ്കിൽ ശക്തമായ നിയമനടപടികളുമായി മുന്നോട്ടുപോകാനാണ് രാജേഷിന്റെയും കുടുംബത്തിന്റെയും തീരുമാനം.
District News
മാണി താഴത്തേൽ
കരുവാരകുണ്ട്: അധ്യാപനരംഗത്ത് ശ്രദ്ധേയമായ സേവനം കാഴ്ചവച്ച കരുവാരകുണ്ട് കുട്ടത്തിയിലെ എടക്കര ചീങ്കല്ലേൽ ജോസഫ് അഗസ്റ്റ്യൻ എന്ന അപ്പച്ചൻ മാസ്റ്റർ ഇന്നു യുവജനങ്ങൾക്ക് കൃഷിയുടെ ബാലപാഠം പകർന്നു നൽകുകയാണ്. അധ്യാപനരംഗത്ത് പ്രവർത്തിക്കുന്പോഴും പാരന്പര്യമായി തുടരുന്ന കൃഷിയെ കൈവിട്ടുള്ള ജീവിതം അദ്ദേഹത്തിന് ഒരിക്കലും ഉൾകൊള്ളാനാകില്ലായിരുന്നു. പഴമക്കാർ കൃഷിയെപ്പറ്റി അറിയാൻ സമീപിക്കുന്നത് അപ്പച്ചൻ മാസ്റ്ററെ തന്നെയായിരുന്നു.
പിതാവിന്റെ പാതയിലൂടെ
20 വർഷത്തോളം പാലാ രാമപുരം പഞ്ചായത്ത് പ്രസിഡന്റായി സേവനം ചെയ്ത അപ്പച്ചൻ മാസ്റ്ററുടെ പിതാവ് എടക്കര ചീങ്കല്ലേൽ കുഞ്ഞാഗസ്തി സ്വാതന്ത്ര്യസമര സേനാനിയും തികഞ്ഞ ഗാന്ധിയനുമായിരുന്നു. കുഞ്ഞാഗസ്തിയുമൊത്ത് 1968ലാണ് രാമപുരത്തു നിന്ന് മലപ്പുറം ജില്ലയിലെ മലയോര പ്രദേശമായ കരുവാരകുണ്ട് കുട്ടത്തിയിൽ കാർഷിക വിപ്ലവത്തിന് തുടക്കം കുറിച്ചത്.
കൃഷിയോടൊപ്പം പൊതുപ്രവർത്തന രംഗത്തും പിതാവിന്റെ പാത സ്വീകരിച്ച അപ്പച്ചൻ മാസ്റ്റർ നാട്ടുകാർക്കിടയിൽ അറിയപ്പെടുന്നത് ചാച്ചാ നെഹ്റുവെന്നാണ്.
വീട്ടുമുറ്റവും കൃഷിയിടം
അപ്പച്ചൻ മാസ്റ്ററുടെ കൈവശത്തിലുള്ള നാല് ഏക്കറിലധികം വരുന്ന സ്ഥലത്ത് കനകം വിളയിക്കുകയാണ്. ഇദ്ദേഹത്തിന്റെ വീടിന്റെ മുറ്റം വരെ കൃഷിയിടമാണ്. ഗ്രോബാഗിലും പൂച്ചട്ടിയിലും കുറ്റിക്കുരുമുളകും പച്ചക്കറികളും സമൃദ്ധമായുണ്ട്. ജൈവ വൈവിധ്യത്തിന്റെ വിളനിലമായ സ്ഥലത്ത് കമുകും തെങ്ങുമാണ് പ്രധാന കൃഷി. ഇടവിളകൃഷിയിൽനിന്ന് മാന്യമായ സാന്പത്തിക നേട്ടമാണ് അദ്ദേഹം കൈവരിക്കുന്നത്. ജാതി, ഗ്രാന്പൂ, കാപ്പി, പൈനാപ്പിൾ, വാനില, കുരുമുളക് തുടങ്ങിയവയാണ് പ്രധാനം.
മൂന്നടി താഴ്ചയിൽ കുഴി എടുത്ത് എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചാണകപ്പൊടിയും ഒന്നര അടിയോളം നിറച്ച് മണ്ണുമായി കൂട്ടിയോജിപ്പിച്ചാണ് തൈകൾ നടുന്നത്. തെങ്ങുംതൈകൾക്ക് ഒരു മീറ്ററിലധികം സമചതുരത്തിൽ കുഴിയെടുത്ത് അടിവളമായി ജൈവവളം ചേർത്താണ് തെങ്ങിൻ തൈകൾ നടുന്നത്. ഒന്നരഅടി താഴ്ചയിലാണ് നേന്ത്രവാഴ നടുന്നത്.
വിളകളുടെ വളർച്ചയ്ക്ക് ജൈവവളത്തിനു പുറമേ മൂന്നാഴ്ച കൂടുന്പോൾ പൊട്ടാഷും യൂറിയായും ഫാക്ടംഫോസും കുറഞ്ഞ അളവിൽ നൽകണമെന്നാണ് അപ്പച്ചൻ മാസ്റ്റർ പറയുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ജൈവവള പ്രയോഗം കൊണ്ടു മാത്രം വിളകൾ വളരില്ല. വിപണിയിൽനിന്ന് ജൈവവളമെന്ന ലേബലിൽ വാങ്ങുന്ന പായ്ക്കറ്റുകളിൽ യൂറിയ കലർത്തിയവയാണെന്ന് അദ്ദേഹത്തിന്റെ പരീക്ഷണത്തിൽനിന്ന് വ്യക്തമായിട്ടുണ്ട്. അപ്പച്ചൻ മാസ്റ്ററുടെ കൃഷിയിടം ഒൗഷധ സസ്യങ്ങളുടെ കലവറ കൂടിയാണ്. വിവിധ ഒൗഷധ സസ്യങ്ങൾ ഇവിടെയുണ്ട്.
വിത്തുശേഖരണം അതിപ്രധാനം
തെങ്ങിനും കമുകിനും വിത്തുശേഖരണം അതിപ്രധാനമാണെന്നാണ് അപ്പച്ചൻ മാസ്റ്റർ ചൂണ്ടിക്കാട്ടുന്നത്. അത്യുത്പാദനശേഷിയുള്ളതും പകുതിപ്രായം കഴിഞ്ഞ തെങ്ങുകളുടെ വിത്തുകളാണ് അത്യുത്തമമെന്നാണ് അപ്പച്ചൻ മാസ്റ്ററുടെ പക്ഷം. പ്രായമായതും ഉത്പാദനശേഷിയുള്ളതുമായ അടയ്ക്കയാണ് വിത്തുശേഖരണത്തിന് തെരഞ്ഞെടുക്കേണ്ടത്. വിത്തുശേഖരണത്തിനാവശ്യമായ തോട്ടങ്ങൾ നേരിൽ കണ്ട് തൃപ്തികരമെന്ന് തോന്നിയാൽ മാത്രമാണ് വിത്ത് ശേഖരിക്കുക.
കൃഷിഭവൻ വഴിയും മറ്റ് ചില സ്വകാര്യ നഴ്സറിയിലൂടെയും വിതരണം നടത്തുന്ന തൈകൾ വിശ്വസനീയമാകണമെന്നില്ലെന്നാണ് അപ്പച്ചൻ മാസ്റ്ററുടെ അഭിപ്രായം. ട്രിപ്പിൾ ഇറിഗേഷൻ സിസ്റ്റത്തിലൂടെയാണ് കൃഷികൾക്ക് ജലസേചനം നടത്തിവരുന്നത്. ഇതേമാർഗം സ്വീകരിച്ചാൽ വേനൽക്കാലത്ത് ജലം പാഴായിപ്പോകാതിരിക്കാൻ സഹായിക്കും. പ്രായം എണ്‍പത്തിരണ്ടിലെത്തി നിൽക്കുന്ന അപ്പച്ചൻ മാസ്റ്ററുടെ പ്രധാന ഹോബി കൃഷി തന്നെയാണ്. വേണ്ട വിധം പരിപാലിച്ചാൽ കൃഷി വൻ ലാഭവുമാണെന്ന് അപ്പച്ചൻ മാസ്റ്റർ അടിവരയിടുന്നു.
റബർ ഒഴിവാക്കി പച്ചക്കറി കൃഷി
രണ്ട് ഏക്കറോളം സ്ഥലത്തെ റബർ ഒഴിവാക്കി പയർ, പാവൽ തുടങ്ങിയ പച്ചക്കറി കൃഷി ആദ്യഘട്ടം നടത്തിയെങ്കിലും വിലത്തകർച്ചയെ തുടർന്ന് കാര്യമായ ലാഭം കിട്ടിയില്ല. ഒരു കിലോ പാവക്ക 20 രൂപ നിരക്കിലാണ് വ്യാപാരികൾ വാങ്ങുന്നത്. എന്നാൽ അത് 40 രൂപ മുതൽ 50 രൂപയ്ക്കുവരെയാണ് ചില്ലറ വില്പന.
കർഷകർക്ക് ഉത്പാദനച്ചെലവു പോലും ലഭിക്കില്ല. ഇന്നത്തെ പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് ആയിരത്തിലധികം നേന്ത്രവാഴ കൃഷിയും ഇദ്ദേഹത്തിനുണ്ട്. എല്ലാം തന്നെ കുലച്ചു.
രണ്ടു മാസത്തിനുള്ളിൽ നേന്ത്രക്കായവില ഉയരുമെന്നു തന്നെയാണ് അപ്പച്ചൻ മാസ്റ്ററുടെ വിശ്വാസം. വില ഉയർന്നില്ലെങ്കിൽ കാര്യമായ ലാഭം ലഭിക്കില്ല.
വേനലിനെ മഴക്കാലമാക്കുന്ന സ്പ്രിംഗ്ളർ വഴിയാണ് തോട്ടത്തിൽ ജലസേചനം നടത്തുന്നത്.
ഒരു വർഷം മുന്‍പ് അപ്പച്ചൻ മാസ്റ്ററുടെ ഭാര്യയുടെ അകാല വിയോഗം വലിയ ആഘാതമാണ് അദ്ദേഹത്തിന് നേരിട്ടത്.
അധ്യാപകരായ മകൻ ഷൈനും ഭാര്യ റീനയും ഒഴിവുദിനങ്ങളിൽ അപ്പച്ചൻ മാസ്റ്ററോടൊപ്പംനിന്ന് കാർഷിക രംഗത്ത് ആത്മാർഥമായ പ്രവർത്തനംകൊണ്ടു മാത്രമാണ് കൃഷിയുമായി മുന്നോട്ടു പോകുന്നതെന്ന് അപ്പച്ചൻ മാസ്റ്റർ പറഞ്ഞു. മികച്ച കർഷകനുള്ള ഒട്ടേറെ അവാർഡുകളും അപ്പച്ചൻ മാസ്റ്ററെ തേടിയെത്തിയിട്ടുണ്ട്.
District News
കീഴാറ്റൂർ: കീഴാറ്റൂർ പൂന്താനം സ്മാരക ഗ്രന്ഥാലയം സംഘടിപ്പിച്ച റിപ്പബ്ലിക് സദസിന്റെയും പുതിയ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രതിനിധികൾക്കുള്ള സ്വീകരണത്തിന്റെയും ഉദ്ഘാടനം പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ നിർവഹിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പാറമ്മൽ കുഞ്ഞിപ്പ അധ്യക്ഷത വഹിച്ചു.
"ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോടു പറയാനുള്ളത്' എന്ന വിഷയത്തിൽ സാംസ്കാരിക പ്രവർത്തകനും നാടകക്കാരനുമായ കെ.പി.എസ്. പയ്യനടം പ്രഭാഷണം നടത്തി. ജനപ്രതിനിധികൾക്ക് ഗ്രന്ഥാലയത്തിന്റെ സ്നേഹോപഹാരം നൽകി ആദരിച്ചു. ലൈബ്രറി കൗണ്‍സിൽ ജില്ലാതല സർഗോത്സവത്തിൽ യുപി വിഭാഗം പ്രസംഗ മത്സരത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ പി. ആതിരയെ അനുമോദിച്ചു.
കീഴാറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ. മൂസക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഇഫ്ര അസീസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ ടി. രാധാകൃഷ്ണൻ, ഷബ്ന അൻവർ, ഗ്രാമപഞ്ചായത്ത് മെംബർമാരായ ബിന്ദു മാത്യു, ചുള്ളി താജുദ്ദീൻ, അന്പാട്ട് കദീജ, താലൂക്ക് ലൈബ്രറി കൗണ്‍സിൽ വൈസ് പ്രസിഡന്റ് പി.ശശീന്ദ്രൻ, കീഴാറ്റൂർ അനിയൻ, പി.നാരായണനുണ്ണി, കെ.എം. വിജയകുമാർ, കെ.എം.ദാസ്, പി. വേണുഗോപാലൻ, പാറമ്മൽ ഹംസ, മത്തളി നാരായണൻ, ജോമി ജോർജ് എന്നിവർ പ്രസംഗിച്ചു.
District News
മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു
നിലമ്പൂർ: കേരളത്തിലെ ആദ്യത്തെ ഗോത്ര വിവിധോദേശ്യ കേന്ദ്രം വാളംതോട്ടിൽ യാഥാർഥ്യമായി. മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു. ദുർഘട മേഖലയിലുള്ള ആദിവാസി നഗറുകളിൽ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനായി ആരോഗ്യകേരളം പദ്ധതി മുഖേന അനുവദിച്ച ട്രൈബൽ മൾട്ടി പർപ്പസ് സെന്റർ മന്ത്രി വീണാ ജോർജ് ഓണ്‍ലൈനായാണ് ഉദ്ഘാടനം ചെയ്തത്.
അധ്യക്ഷത വഹിച്ച പി.കെ. ബഷീർ എംഎൽഎ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്തു. കേരളത്തിലെ ആദ്യത്തെ ട്രൈബൽ മൾട്ടി പർപ്പസ് സെന്ററാണ് ചാലിയാർ പഞ്ചായത്തിലെ വാളാംതോട് ട്രൈബൽ ഹബ് കെട്ടിടം. 67.5 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചത്. കാത്തിരിപ്പ് കേന്ദ്രം, പരിശോധന മുറി, ഐയുഡി മുറി, പ്രതിരോധ കുത്തിവയ്പ് സൗകര്യം എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.
കെട്ടിടനിർമാണ പ്രവൃത്തി സമയബന്ധിതമായി പൂർത്തീകരിച്ച കെഎച്ച്ആർഡബ്ലിയുഎസ് ഏജൻസി അസിസ്റ്റന്റ് എൻജിനീയർ പ്രജിഷ, കരാറുകാരൻ എ.വി. ബൈജു എന്നിവരെ ആദരിച്ചു.
ജില്ലാ മെഡിക്കൽ ഓഫീസർ ടി.കെ. ജയന്തി, ചാലിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അനുശ്രീ, വൈസ് പ്രസിഡന്റ് തോണിക്കടവൻ ഷൗക്കത്ത്,
വാർഡ് അംഗവും സ്ഥിരംസമിതി അധ്യക്ഷനുമായ അനീഷ് അഗസ്റ്റ്യൻ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ, ആർദ്രം നോഡൽ ഓഫീസർ കെ.കെ. പ്രവീണ, ചാലിയാർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ഇ. ആയിഷക്കുട്ടി, സ്ഥിരം സമിതി ചെയർമാൻമാർ, ഗ്രാമപഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.
District News
പൂക്കോട്ടുംപാടം: ഏതാനും നാളുകളായി ചെട്ടിപ്പാടം ഭാഗത്ത് അനുഭവപ്പെടുന്ന പുലി സാന്നിധ്യം പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ഭീഷണിയാകുന്നു. അടിയന്തര നടപടി ഇക്കാര്യത്തിൽ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം ചെട്ടിപ്പാടം ബ്രാഞ്ച് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്റിനും നിവേദനം നൽകി.
ചെട്ടിപ്പാടം ഭാഗത്തെ പ്രവർത്തനരഹിതമായ തെരുവുവിളക്കുകൾ ഉടൻ മാറ്റി സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ബ്രാഞ്ച് സെക്രട്ടറി ഷൈജു പെരുന്പുലത്ത്, സി.കെ. അഭിലാഷ്, അനുരാഗ് പാറോല, ശ്രീജിത്ത്, സച്ചു, അഭിറാം എന്നിവർ സംബന്ധിച്ചു.
District News
കോടഞ്ചേരി: പൂളപ്പാറ-വേളങ്കോട് റോഡിൽ ചാലിപ്പടിയിൽ പൊട്ടിയ പൈപ്പ് നന്നാക്കി ജലവിതരണം പുനസ്ഥാപിച്ചതിന് പിന്നാലെ വീണ്ടും ശക്തിയായി വെള്ളം പാഴാവുന്നു. കഴിഞ്ഞ ആറുമാസമായി ചോരുന്ന കേരള വാട്ടർ അഥോറിറ്റിയുടെ പൈപ്പ് കഴിഞ്ഞ ദിവസമാണ് പത്രവാർത്തയുടെ അടിസ്ഥാനത്തിൽ ജീവനക്കാരെത്തി ശരിയാക്കിയത്. എന്നാൽ അടുത്ത ദിവസം തന്നെ പഴയതിലും ശക്തമായി വെള്ളം ചേരുകയായിരുന്നു.
വർഷങ്ങൾക്കു മുമ്പ് സ്ഥാപിച്ച ഇരുമ്പ് പൈപ്പാണ് തുരുമ്പ് പിടിച്ച് പൊട്ടി നശിച്ചിരുന്നത്. തുരുമ്പ് പൈപ്പിന്റെ മുകളിൽ വെൽഡിംഗ് നടത്തിയെങ്കിലും ഗുണകരമായില്ല. ഇരുവഞ്ഞിപ്പുഴയിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് പൊട്ടൻകോടുള്ള വാട്ടർ ടാങ്കിൽ സംഭരിച്ച് അവിടെനിന്ന് കോടഞ്ചേരി പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലേക്കാണ് കുടിവെള്ളം വിതരണം നടത്തുന്നത്. ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പല കുടുംബങ്ങൾക്കും വേനൽ കടുത്തിരിക്കുന്ന ഈ സമയത്ത് കുടിവെള്ളം എത്തുന്നില്ല.
പല കുടിവെള്ള സ്രോതസുകളും വറ്റി വരണ്ട നിലയിലാണ്. ദിവസവും ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുന്നതിനാൽ വാട്ടർ അഥോറിറ്റിക്ക് കൂടുതൽ സമയം മോട്ടറുകൾ പ്രവർത്തിപ്പിക്കേണ്ടിവരികയും ചെയ്യുന്നുണ്ട്. പഴയ ഇരുമ്പ് പൈപ്പ് മാറ്റി പുതിയ രീതിയിലുള്ള പൈപ്പ് സ്ഥാപിച്ച് കുടിവെള്ളം വിതരണം സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
അരീക്കോട്: ഏറനാട് മണ്ഡലത്തിലെ പനന്പിലാവ് പാലത്തിന്റെ പുനർനിർമാണോദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിർവഹിച്ചു. 2016ൽ എൽഡിഎഫ് സർക്കാർ വന്നതിനുശേഷം പശ്ചാത്തല സൗകര്യവികസനത്തിൽ നടന്നത് മാജിക്കാണെന്ന് അദ്ദേഹം വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
മേൽപ്പാലങ്ങളുടെയും റോഡുകളുടെയും വികസനത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ജനങ്ങൾക്കറിയാം. ദേശീയ ഹൈവേ വികാസത്തിന് വേണ്ടി 5,550 കോടി സർക്കാർ ചെലവഴിച്ചു. മലയോര ജനതയുടെ സ്വപ്നമായ മലയോര ഹൈവേ 1600 കിലോമീറ്റർ പിന്നിട്ടു. കിഫ്ബി, നബാർഡ്, റീബിൽഡ് കേരള എന്നീ പദ്ധതികളിലൂടെ 3500 കോടിയുടെ റോഡ് നിർമാണ പ്രവൃത്തികളാണ് സർക്കാർ നടത്തിയത്.
കേരളത്തിലെ റോഡ് വികസനം ലോകം അംഗീകരിക്കുന്ന തലത്തിലേക്ക് ഉയർന്നു. ഏറ്റവും കൂടുതൽ റെയിൽവേ മേൽപ്പാലങ്ങൾ നിർമിച്ച കാലമാണിതെന്ന് മന്ത്രി പറഞ്ഞു.ഏറനാട് മണ്ഡലം എംഎൽഎ പി.കെ. ബഷീർ ശിലാഫലകം അനാച്ഛാദനം ചെയ്തു.
നിലവിൽ ഒരു മീറ്റർ വീതിയും 22 മീറ്റർ നീളവുമുള്ള ഈ പാലം അഞ്ച് കോടി രൂപ ചെലവഴിച്ചാണ് പുനർനിർമാണ പ്രവൃത്തി നടത്തുന്നത്. പുതിയ പാലത്തിന്റെ നീളം 39.90 മീറ്ററും വീതി 11 മീറ്ററും ഇരുവശത്തും 1.5 മീറ്റർ വീതിയിൽ നടപ്പാതയോടുകൂടി 7.50 മീറ്റർ ഗാരേജ്വേയും നൽകിയാണ് പുതിയപാലം വിഭാവനം ചെയ്തിട്ടുള്ളത്.
എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ആയിഷ, ഉൗർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജീർ മേത്തലയിൽ, കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത, അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ടി. അബ്ദുറഹിമാൻ, ഉൗർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസി സണ്ണി,
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ ടോം, മെംബർമാരായ ഷിജോ ആന്റണി, ദീപ്തി ബോസ്, സന്തോഷ് സെബാസ്റ്റ്യൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാലക്കാട് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം എക്സിക്യൂട്ടീവ് എൻജിനിയർ വി.ആർ. ജയരാജ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വിനോദ് കുമാർ ചാലിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
District News
പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലൂടെ ഒഴുകുന്ന പുറയങ്കോട് പുഴ ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ മാലിന്യങ്ങൾ നീക്കി ശുചികരിച്ചു. നിരവധി കർഷകരും, നാട്ടുകാരും കൃഷിക്കും, കുടിവെള്ളത്തിനും ആശ്രയിക്കുന്ന ഈ പുഴയിലെ മലിനീകരണവും ഒഴുക്കിന്റെ തടസവും ഉണ്ടാക്കുന്ന പ്രയാസങ്ങൾക്ക് പരിഹാരമായിട്ടാണ് ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്.
പ്രസിഡന്റ് ഉമ്മർ തണ്ടോറ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എം. ബിന്ദു അധ്യക്ഷത വഹിച്ചു.
മെമ്പർ രവീന്ദ്രൻ കേളോത്ത്, കെ.എം. ബാലകൃഷ്ണൻ, ടി.പി. സോമൻ, കെ.എം. രാജൻ എന്നിവർ പ്രസംഗിച്ചു.
District News
തിരുവമ്പാടി: മണ്ഡലത്തിലെ നിർമാണം പൂർത്തീകരിച്ച ഓമശേരി-തിരുവമ്പാടി റോഡ്, തിരുവമ്പാടി-കൂടരഞ്ഞി റോഡ് എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനായി. റോഡുകളുടെ ഫലകം ലിന്റോ ജോസഫ് എംഎൽഎ അനാച്ഛാദനം ചെയ്തു. 4.4 കിലോമീറ്റർ നീളത്തിലുള്ള ഓമശേരി-തിരുവമ്പാടി റോഡ് ആറ് കോടി രൂപ ചെലവിലാണ് നവീകരിച്ചത്. 5.5 മീറ്റർ വീതിയിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്.
തിരുവമ്പാടി-കൂടരഞ്ഞി റോഡ് 4.8 കിലോ മീറ്ററിലാണ് നവീകരണം പൂർത്തിയാക്കിയത്. 4.9 കോടി രൂപ ചെലവിൽ ബിഎം ആൻഡ് ബിസി നിലവാരത്തിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. തിരുവമ്പാടി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ മുക്കം നഗരസഭ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി, വൈസ് ചെയർപേഴ്സൺ സി.എ. പ്രദീപ് കുമാർ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട്, വൈസ് പ്രസിഡന്റ് പി.ആർ. അജിത,
കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു, മുക്കം നഗരസഭ സ്ഥിരം സമിതി അധ്യക്ഷ ഭവന വിനോദ്, തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഫിറോസ് ഖാൻ തുടങ്ങിയവർ പങ്കെടുത്തു.
District News
കോഴിക്കോട്: സർക്കാർ ആശുപത്രികളിൽ നിന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സഹോദരിമാർക്ക് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി. തോമസ് പറഞ്ഞു.
മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നത് എല്ലാം സിസ്റ്റത്തിന്റ കുഴപ്പമാണെന്നാണ്. മന്ത്രി വീണാ ജോർജ് വകുപ്പ് ഏറ്റ ശേഷം സർക്കാർ ആശുപത്രികളുടെ സ്ഥിതി വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ കാരണവും സിസ്റ്റം ആണോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. ആരോഗ്യവകുപ്പിന്റെ പേര് തന്നെ "കത്രിക വകുപ്പ്' എന്നാക്കുമോ എന്നും പലർക്കും ഭയമുണ്ടെന്നും പി.സി. തോമസ് പ്രസ്താവനയിൽ പറഞ്ഞു.
District News
ചികിത്സാപ്പിഴവുകൾക്ക് മീതെ തെരുവുനായ ശല്യം കൂടിയാകുമ്പോൾ രോഗികളും കൂട്ടിരിപ്പുകാരുമാണ് ദുരിതത്തിലാകുന്നത്
കോഴിക്കോട്: നൂറുക്കണക്കിന് രോഗികളെത്തുന്ന ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷം. പല അസുഖങ്ങളുമായി എത്തുന്ന രോഗികൾക്ക് നേരേ നായ്ക്കൾ പാഞ്ഞടുക്കുകയാണ്. ഹോസപിറ്റലിന്റെ പരിസരത്ത് നിന്ന് ആളുകൾക്ക് കടിയേറ്റ സംഭവവും ഉണ്ടായിട്ടുണ്ട്. നിരവധി പേർ തെരുവ്നായ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്. ഓടാൻ പോലും സാധിക്കാത്ത അവസ്ഥയിലുള്ള രോഗികൾക്ക് നേരേയാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടാവുന്നത്. പലരെയും സമീപത്തുവള്ളർ കല്ലെറിഞ്ഞും ഒച്ചവച്ചുമാണ് രക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം ചികിത്സയ്ക്കെത്തിയ കുട്ടിയ്ക്ക് നേരേ തെരുവ് നായ പാഞ്ഞടുത്തിരുന്നു. നായ പാഞ്ഞടുക്കുന്നത് കണ്ട ചിലർ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. മെഡിക്കൽ കോളജിലേക്ക് അടിയന്തര സാഹചര്യത്തിൽ രോഗിയുമായി എത്തുന്ന വാഹനങ്ങൾക്ക് നേരേ നായ്ക്കൾ പാഞ്ഞടുക്കുന്നതായും ഇവയെ ഭയന്ന് വാഹനങ്ങൾ നിയന്ത്രണംവിട്ട് അപകടം സംഭവിച്ചതായും പറയുന്നു. ആംബുലൻസുകൾ നേരേ വരെ നായ്ക്കൾ പാഞ്ഞടുക്കാറുണ്ട്. ഹോസ്പിറ്റലിന് മുന്നിൽ ഇതുമൂലം പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് അലക്ഷ്യമായി കളയുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചാണ് നായകൾ വളരുന്നതെന്നാണ് ചികിത്സിക്കാനെത്തുന്ന രോഗികൾ പറയുന്നത്. സമീപത്തെ പല ഭക്ഷണശാലകൾക്കുള്ളിൽ വരെ നായ്ക്കളെ കാണാൻ സാധിക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. മാലിന്യ നിർമാർജനം കാര്യക്ഷമമായാൽ നായ്ക്കളുടെ ശല്യം കുറയ്ക്കാൻ സാധിക്കുമെന്നും ഇവർ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് പല തവണ പരാതി നൽകിയെങ്കിലും പ്രശ്നത്തിന് പരിഹാരം ഉണ്ടായിട്ടില്ല. മെഡിക്കൽ കോളജുകളുടെ മഹിമയെക്കുറിച്ച് വാതോരാതെ പറയുന്ന മന്ത്രി വീണാ ജോർജ് ഉൾപ്പടെയുള്ളവർ രോഗികളുടെ ദുരിതം കാണുന്നില്ല.
ചികിത്സാപിഴവുകൾക്ക് മീതെ തെരുവ് നായ ശല്യം കൂടിയാകുന്പോൾ നിർധനരായ രോഗികളും കൂട്ടിരിപ്പുകാരുമാണ് ദുരിതത്തിലാകുന്നത്. ജില്ലയ്ക്ക് പുറത്ത് നിന്ന് പോലും രോഗികളെത്തുന്ന മെഡിക്കൽ കോളജിലെ തെരുനായ ശല്യത്തിന് അടിയന്തരമായി പരിഹാരം കണ്ടെത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
District News
കോഴിക്കോട്: ജീവിതാന്ത്യത്തില്‍ ഏതുതരം ചികിത്സ വേണമെന്നു നിശ്ചയിക്കാന്‍ ലിവിംഗ് വില്‍ എഴുതി വയ്ക്കാമെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് ഇന്ത്യയില്‍ നടപ്പാക്കാന്‍ ബുദ്ധിമുട്ടാണെന്ന് അഭിപ്രായം.
മലബാര്‍ ആശുപത്രി സ്ഥാപക ഡോ. പി.എ. ലളിതയുടെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദാനചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദത്തിലാണ് ഈ അഭിപ്രായമുയര്‍ന്നത്.
മരണത്തിനു മുമ്പ് എഴുതി തയാറാക്കിയ രീതിയിലായിരിക്കും അവസാനകാലത്തെ ചികിത്സയെന്ന് ഉറപ്പിക്കാന്‍ ആ വ്യക്തിക്ക് കഴിയില്ല. അതു തീരുമാനിക്കുന്നത് ബന്ധുക്കളായിരിക്കും. അവര്‍ക്ക് എതിര്‍പ്പുണ്ടെങ്കില്‍ ലിവിംഗ് വില്‍ നടപ്പാക്കാനാകില്ല.
നേരത്തേ തന്നെ രോഗി തന്റെ ഉറ്റവരോട് അവസാനകാല ചികിത്സയെന്തെന്നു പറഞ്ഞ് അവരെ ബോധ്യപ്പെടുത്തുകയാണ് ഉത്തമം. ബന്ധുക്കള്‍ എതിര്‍ത്തില്ലെങ്കില്‍ അനാവശ്യമായ ദുരിതചികിത്സ ഒഴിവാക്കാനാകുമെന്ന് ലോകാരോഗ്യ സംഘടനയുടെ സാന്ത്വനചികിത്സാ പരിപോഷണകേന്ദ്രം ഡയറക്ടര്‍ ഡോ. സുരേഷ്കുമാര്‍ പറഞ്ഞു.
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മോഡറേറ്ററായിരുന്നു. പാലിയം ഇന്ത്യ ചെയര്മാന് ബിനോദ് ഹരിഹരന്, പൂക്കോയ തങ്ങള്‍ ഹോസ്പിസ് ഡയറക്ടര്‍ ഡോ. അമീറലി എന്നിവര്‍ പങ്കെടുത്തു. ഡോ. പി.എ. ലളിത അവാര്‍ഡിന് ഡോ. സുരേഷ്കുമാര്‍, ബിനോയ് ഹരിഹരന്, ഡോ. അമീറലി എന്നിവര്‍ അര്‍ഹരായി. കോഴിക്കോട് മേയര്‍ ഒ. സദാശിവന്, ഗോപിനാഥ് മുതുകാട് എന്നിവര്‍ അവാര്‍ഡ് വിതരണം ചെയ്തു. മലബാര്‍ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രി എം.ഡി. ഡോ. മിലി മണി അധ്യക്ഷത വഹിച്ചു. ആശുപത്രി ഡയറക്ടര്‍ മാന്‍സി, എ. സജീവന്, കമാല്‍ വരദൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
വിലങ്ങാട്: വനം-വന്യജീവി വകുപ്പ് കുറ്റ്യാടി റേഞ്ച് പരിധിയിലെ വിവിധ ആദിവാസി ഉന്നതികളിലെ കുടുംബങ്ങൾക്കായി "സ്നേഹഹസ്തം' സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സഹകരണത്തോടെ വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ക്യാമ്പ് ഇ.കെ. വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആദിവാസി വിഭാഗങ്ങളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും രോഗനിർണയവും ലക്ഷ്യമിട്ടാണ് സംസ്ഥാന വനവികസന ഏജൻസിയുടെ പിന്തുണയോടെ ക്യാമ്പ് ഒരുക്കിയത്. വിദഗ്ധ ഡോക്ടർമാരുടെ സേവനത്തോടൊപ്പം സെർവിക്കൽ കാൻസറിനുള്ള പ്രതിരോധ കുത്തിവയ്പ്പായ എച്ച്പിവി വാക്സിനും നൽകി.
ക്യാമ്പിൽ ചിറ്റാരി, വായാട്, കണ്ടിവാതുക്കൽ, ഏലാംബയിൽ, മാടഞ്ചേരി തുടങ്ങിയ ഉന്നതികളിൽനിന്നുള്ള നൂറിലധികം പേർ പരിശോധനക്കെത്തി. ചടങ്ങിൽ ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എം.എൻ. മേനോൻ അധ്യക്ഷനായി. അസിസ്റ്റന്റ് പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജസ്റ്റിൻ മോഹൻ റിപ്പോർട്ട് അവതരിപ്പിച്ചു.
ഡോ. ഹേമ ഫ്രാൻസിസ് പദ്ധതി വിശദീകരിച്ചു. കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു. ആഷിഖ് അലി, വാണിമേൽ പഞ്ചായത്ത് പ്രസിഡന്റ് ടി. പ്രദീപ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ രാജു അലക്സ്, ഷെബി സെബാസ്റ്റ്യൻ, ഐഎംഎ പ്രതിനിധികളായ ഡോ. റോയ് ആർ. ചന്ദ്രൻ, ഡോ. ജ്യോതി കുമാർ, റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. പ്രശാന്ത് തുടങ്ങിയവർ പ്രസംഗിച്ചു.
District News
പുല്ലൂരാംപാറ: സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ലോക സ്കൗട്ട് സ് ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വർഷങ്ങളോളം സ്കൗട്ടിൽ സമർപ്പിത സേവനം അനുഷ്ഠിച്ച ടി.ടി. തോമസിനെ പൊന്നാടയണിച്ച് ആദരിച്ചു. രാജ്യപുരസ്കാർ വിജയികളായ വിദ്യാർഥികൾക്ക് പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ജോളി ജോസഫ് ഉണ്ണിയേപ്പിള്ളിൽ, അധ്യാപകരായ സോളി ജോർജ്, ബിജു വി. ഫ്രാൻസിസ്, പിന്റോ തോമസ്, ജിൻസി പി. വർഗീസ്, വിദ്യാർഥികളായ ഐവിൻ റോബി, ക്രിസ്റ്റീന ജോർജ് എന്നിവർ പ്രസംഗിച്ചു. ഗൈഡ്സ് ക്യാപ്റ്റൻമാരായ സി. ഷാരോൺ, ഷീബ തോമസ് എന്നിവർ നേതൃത്വം നൽകി.
District News
കൂരാച്ചുണ്ട്: പഞ്ചായത്ത് കുടുംബശ്രീ സത്യപ്രതിജ്ഞ ചടങ്ങിൽ ചുമതല ഒഴിഞ്ഞ സിഡിഎസ് ചെയർപേഴ്സൺ കാർത്തിക വിജയനെ കോൺഗ്രസ് നേതാവ് കെെയേറ്റം ചെയ്യാൻ ശ്രമിച്ചതിൽ പ്രതിഷേധിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രകടനവും പഞ്ചായത്ത് ഓഫീസ് മാർച്ചും സംഘടിപ്പിച്ചു.
സിപിഎം ഏരിയ കമ്മിറ്റി അംഗം വി.ജെ. സണ്ണി ഉദ്ഘാടനം ചെയ്തു. ഷീബ ബാബു അധ്യക്ഷത വഹിച്ചു. എ.സി. ഗോപി, കെ.ജി. അരുൺ, വി.കെ. ഹസീന, എൻ.ജെ. റീന ബാബു, എൻ.ജെ. ആൻസമ്മ എന്നിവർ പ്രസംഗിച്ചു.
District News
കൂടരഞ്ഞി: സന്തോഷ് ട്രോഫി റഫറിയായി നിയമിക്കപ്പെട്ട കൂടരഞ്ഞി കൽപ്പിനി സ്വദേശി മെൽബിൻ തോമസ് പറപ്പളളിയെ പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് കുട്ടി കക്കാടംപൊയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. വാർഡ് മംബർ ലീലാമ്മ മുള്ളനാനിക്കൽ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം പ്രസിഡന്റ് സണ്ണി പെരികിലംതറപ്പേൽ, പൗലോസ് താന്നിമുള, ജോയി പന്തപ്പിള്ളിൽ, കെ.വി. ജോസ്, ഗിൽഗജോസ്, നോബിൾ മാവറ, അവറാച്ചൻ വെട്ടിക്കൽ, ഗോകുൽനാഥ് താമരക്കുന്നേൽ, അമൽരാജ് ചുള്ളക്കാര തുടങ്ങിയവർ പ്രസംഗിച്ചു.
District News
കേരള തീരത്ത് കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ എറണാകുളവും
കൊച്ചി: മത്സ്യോത്പാദനം ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് കേരള തീരത്ത് കൃത്രിമപ്പാരുകള്‍ നിക്ഷേപിക്കുന്ന പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ ജില്ലയും. സംസ്ഥാനത്തെ നാല് ജില്ലകളിലെ 96 മത്സ്യഗ്രാമങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടാംഘട്ടത്തില്‍ കൊല്ലം, ആലപ്പുഴ, തൃശൂര്‍ ജില്ലകള്‍ക്കൊപ്പമാണ് എറണാകുളം സ്ഥാനം പിടിച്ചിട്ടുള്ളത്. 29.7 കോടി രൂപയുടെ പദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു.
പദ്ധതിയുടെ 60 ശതമാനം തുക കേന്ദ്രവും 40 ശതമാനം തുക സംസ്ഥാനവുമാണ് വഹിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ 17.85 കോടി കേന്ദ്രവും 11.90 കോടി സംസ്ഥാനവും പങ്കിടും. ഏതാനും വര്‍ഷങ്ങളായി തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കടലോര മേഖലകളില്‍ കൃത്രിമപ്പാരുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
രാജ്യത്തെ 3,477 കടലോര ഗ്രാമങ്ങളില്‍ കൃത്രിമ പാരുകള്‍ സ്ഥാപിക്കുകയാണ് കേന്ദ്ര ഫീഷറീസ് മന്ത്രാലയത്തിന്റെ ലക്ഷ്യം. സ്ഥാപിച്ച ഇടങ്ങളില്‍ മത്സ്യസമ്പത്തില്‍ 17 മുതല്‍ 30 ശതമാനം വരെ വര്‍ധനയുണ്ടായി. കേരളത്തില്‍ ചൂര, പാര, വേളാവ്, ബരാക്കുട, കാരല്‍, അയല, കണവ, കൂന്തല്‍ എന്നീ സമുദ്രവിഭവങ്ങള്‍ കൂടുതല്‍ ലഭിച്ചു.
സ്വാഭാവിക പ്രജനനത്തിനും മത്സ്യസമ്പത്തിന്റെ സുസ്ഥിര പരിപാലനത്തിനും ഇത് പ്രയോജനകരമാണ്. ഫിഷറീസ് വകുപ്പിനായി തീരദേശ വികസന കോര്‍പറേഷനാണ് പാരുകള്‍ നിര്‍മിച്ച് നല്‍കുന്നത്. പദ്ധതി വിലയിരുത്തിയശേഷം മറ്റ് തീരദേശ ജില്ലകളിലും കൃത്രിമപ്പാരുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് ഫിഷറീസ് വകുപ്പ്.
ഒരു സ്ഥലം കേന്ദ്രീകരിച്ച് മീനുകള്‍ക്കായി കൃത്രിമ ആവാസവ്യവസ്ഥ ഒരുക്കുന്നതാണ് പാരുകള്‍ എന്നറിയപ്പെടുന്നത്. ഒരു ടണ്ണിലധികം തൂക്കമുള്ള കോണ്‍ക്രീറ്റ് പാരുകള്‍ വലിയ ബോട്ടുകളില്‍ എത്തിച്ച് കടലില്‍ നിക്ഷേപിക്കും. പാരുകളില്‍ പായലും സസ്യങ്ങളും പവിഴപ്പുറ്റുകളും വളരുന്നതോടെ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ രൂപപ്പെടും.
District News
വീട്ടുകാർ നാഷണൽ സൈബർ ക്രൈമിന് പരാതി നൽകും
വൈപ്പിൻ: എളങ്കുന്നപ്പുഴ ബീച്ചിൽ കഴിഞ്ഞദിവസം മരിച്ചനിലയിൽ കണ്ടെത്തിയ ഞാറക്കൽ പെരുമ്പിള്ളി കമ്മട്ടിക്കാട് അർജുൻകുമാറിനെ (17) കാണാതാകുന്നതിന് മുമ്പ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരുന്നതായി ബന്ധുക്കൾ. ഈ അക്കൗണ്ട് ഇപ്പോൾ അജ്ഞാതനായ ഒരാളാണ് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ ആരോപിച്ചു. ഈ സാഹചര്യത്തിൽ മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിമിന്റെ സാധ്യത തള്ളിയ ബന്ധുക്കൾ മറ്റെന്തോ കാരണങ്ങൾ ഉണ്ടെന്നാണ് ഇപ്പോൾ പറയുന്നത്.
കളമശേരി പോളിടെക്നിക് വിദ്യാർഥിയായിരുന്ന അർജുൻ കുമാറിന്റെ സ്കൂൾ വിദ്യാഭ്യാസം കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ നല്ലപോലെ കൈകാര്യം ചെയ്തിരുന്നതിനാൽ സമൂഹമാധ്യമത്തിലൂടെ പുറത്തുള്ള ഒരുപാട് സുഹൃത്തുക്കളെ സമ്പാദിച്ചിട്ടുള്ളതായും വീട്ടുകാർ പറയുന്നു. അർജുൻകുമാർ കടലിൽ ചാടുന്നതിന് മുമ്പായി ഫോണിലൂടെ ആർക്കോ ശബ്ദസന്ദേശം അയയ്ക്കുന്നതും അതിനുശേഷം വളരെ പരിഭ്രാന്തനാകുന്നതും ആ ഭാഗത്തുള്ള സിസിടിവിയിൽ കണ്ടെത്തിയിട്ടുണ്ടത്രേ. ഇതെല്ലാമാണ് വീട്ടുകാരുടെ സംശയം വർധിപ്പിക്കുന്നത്.
ഈ സാഹചര്യത്തിൽ വീട്ടുകാർ നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ്. അതേസമയം മരണം സംബന്ധിച്ച് പരാതി ഉയർന്നതിനാൽ ഞാറക്കൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിൽ നിന്നു ലഭിച്ച ഫോൺ പോലീസ് പരിശോധിച്ചുവരികയാണ്.
അർജുൻ കുമാറിന്റെ കോൺടാക്ടുകളും വാട്സാപ്പ് മെസേജുകളുമാണ് പോലീസ് പ്രാഥമികമായി പരിശോധിച്ചുവരുന്നത്. വിശദമായ പരിശോധനയ്ക്ക് ഫോൺ ഫോറൻസിക്കിനു നൽകേണ്ടിവരും. എന്നാൽ ഇതുവരെ പോലീസ് നൽകിയിട്ടില്ല എന്നാണ് അറിയുന്നത്.
District News
കൊച്ചി: രക്ഷാദൗത്യസംഘത്തെ ഒരു ദിവസം മുഴുവന്‍ വട്ടംകറക്കിയ കൊച്ചി മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ഇന്നലെ പുലര്‍ച്ചെ 1.30ഓടെയാണ് ഒരാഴ്ചയോളമായി കുടുങ്ങിക്കിടന്ന പൂച്ചയെ രക്ഷപ്പെടുത്തിയത്. അഗ്നിശമന സേനയ്ക്കൊപ്പം ആനിമല്‍ റെസ്ക്യൂ സംഘവും ദൗത്യത്തില്‍ പങ്കാളികളായി.
കലൂര്‍ സ്റ്റേഡിയത്തിന് മുന്നിലെ 556-ാം പില്ലറിന് മുകളില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിക്കാനുള്ള ദൗത്യം ശനിയാഴ്ച രാവിലെ 11ഓടെയാണ് ആരംഭിച്ചത്. മെട്രോ ജീവനക്കാരനാണ് പൂച്ച കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഉടൻ അഗ്നിശമനസേനയും ആനിമല്‍ റെസ്ക്യൂ സംഘവും ചേര്‍ന്ന് പൂച്ചയെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ രക്ഷാദൗത്യസംഘത്തിന്റെ ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതും തിരിച്ചടിയായി.
ഇതോടെ മെട്രോ സര്‍വീസ് അവസാനിച്ച ശേഷം ദൗത്യം പുനരാരംഭിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുപ്രകാരം രാത്രി 12ഓടെ മെട്രോ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം ദൗത്യം തുടര്‍ന്നു. പുലര്‍ച്ചെ 1.30ഓടെയാണ് പൂച്ചയെ രക്ഷിച്ച് താഴെ ഇറക്കിയത്.
District News
കൊച്ചി: വൈപ്പിന്‍ ഞാറയ്ക്കല്‍ പെരുമ്പിള്ളിയില്‍ പതിനേഴുകാരന്റെ മരണത്തിന് പിന്നില്‍ ഓണ്‍ലൈന്‍ ഗെയിമാണെന്ന സംശയം നിലനില്‍ക്കെ ജീവനെടുക്കുന്ന കില്ലര്‍ ഗെയിമുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. ഗെയിമിന് അടിമകളാകുന്ന കുട്ടികള്‍ ജീവന് ഇല്ലാതാക്കുന്ന പ്രവണതയിലേക്ക് എത്തുന്നുണ്ടെന്നും രക്ഷിതാക്കളുടെ അടിയന്തര ഇടപെടല്‍ വേണമെന്നും സൈബര്‍ വിദഗ്ധരും പോലീസും മുന്നറിയിപ്പ് നല്കുന്നു.
ഗെയിമുകളിലെ കഥാപാത്രങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ അനുകരിക്കാനുള്ള പ്രവണത കുട്ടികളില്‍ വര്‍ധിക്കുകയും ഗെയിമിന്റെ ഭാഗമായുള്ള വിവിധ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മറുഭാഗത്തുനിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും കുട്ടികള്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നതാണ് അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നത്. കളിയിലൂടെ സ്വകാര്യ വിരങ്ങളും ചോരുന്നതായി പോലീസ് പറയുന്നു.
ഹാക്കര്‍മാര്‍ക്ക് കളിക്കുന്നവരുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കാന്‍ ഗെയിം ഫോണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നല്കുന്ന അനുവാദം മാത്രം മതി. ഓണ്‍ലൈന്‍ ഗെയിമിലൂടെ ജീവന് നഷ്ടമാകുന്ന സംഭവങ്ങള്‍ക്ക് പുറമേ പണം നഷ്ടപ്പെടുന്ന സംഭവങ്ങളും ജില്ലയില്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ ഇതേപ്പറ്റി ബോധവത്കരണ പരിപാടികളും സൈബര്‍ വിഭാഗം ആസൂത്രണം ചെയ്യുന്നുണ്ട്.
വൈപ്പിന്‍ ഞാറയ്ക്കല്‍ പെരുമ്പിള്ളിയില്‍ വീടുവിട്ടിറങ്ങിയ പതിനേഴുകാരന്റെ മൃതദേഹം കടല്‍തീരത്ത് അടിഞ്ഞ നിലയില്‍ കണ്ടെത്തിയതിനു പിന്നാലെയാണ് മരണത്തില്‍ സംശയങ്ങള്‍ വര്‍ധിച്ചത്. മരിച്ച അര്ജുന് കുമാര്‍ ഗെയിം കളിച്ചിരുന്നതായി ബന്ധുക്കള്‍ പോലീസിനോട് വ്യക്തമാക്കിയിരുന്നു.
മാതാപിതാക്കളുടെ ശ്രദ്ധയ്ക്ക്
ഫോണ്‍ ഇടയ്ക്കിടെ പരിശോധിക്കണം, മാതാപിതാക്കള്‍ യൂസര്‍ ഐഡിയും പാസ് വേഡും ഫോണ്‍ ലോക്കും ഉപയോഗിക്കണം, നിരോധിച്ച ഗെയിമുകളും ആപ്പുകളും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം, ഓണ്‍ലൈന്‍ ബാങ്കിംഗ് അക്കൗണ്ടുള്ള ഫോണ്‍ കൈമാറരുതെന്നും സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
District News
ഫോർട്ടുകൊച്ചി: കടൽ, കായൽ പ്രദേശങ്ങളായ ചെല്ലാനം, കുമ്പളങ്ങി, ഇടക്കൊച്ചി, പെരുമ്പടപ്പ്, കുമ്പളം, പനങ്ങാട്, ചേപ്പനം, പെരുമ്പളം എന്നിവിടങ്ങളിൽ കവര്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സിനിമാ, മാധ്യമങ്ങൾ, സോഷ്യൽ മീഡിയ വഴി പുറംലോകമറിഞ്ഞ കടൽ - കായലിലെ നീല പ്രതിഭാസമായ കവര്‍ കാണാൻ നിരവധി പേരാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. കടൽ വെള്ളത്തിൽ ജീവിക്കുന്ന ഏക കോശ ജീവികളുടെ ജൈവ ദീപ്തിയാണ് കവര്‍ (ബയോ ലൂമിനാ സെൻസ്) എന്ന സീസ്പാർക്കിൾ പ്രതിഭാസം.
ശത്രുക്കളിൽ നിന്നു രക്ഷ നേടുന്നതിനായാണ് ഇവ പ്രകാശം പുറപ്പെടുവിക്കുന്നത്. ഉപ്പിന്റെ സാന്നിധ്യം കടൽ ജലത്തിന് സമാനമായി കായൽ ജലത്തിലും കൂടുന്ന വേനൽക്കാലത്ത് മാത്രമാണ് കായലുകളിൽ ഈ നീലവെളിച്ചം കാണുന്നത്.
ചന്ദ്രന്റെ വെളിച്ചം ദൃശ്യമല്ലാത്ത രാത്രി സമയങ്ങളിലും വെളുത്തവാവ് കഴിഞ്ഞുള്ള സന്ധ്യാസമയങ്ങളിലും പുലരി വരെയും ജലത്തെ കൃത്രിമമായി ഇളക്കിയാലും മീനോടുമ്പോഴും നീല വെളിച്ചത്തിലുള്ള ജലം ഒരു അദ്ഭുത കാഴ്ചയായി മാറും. ഇത് പലരും കൈക്കുമ്പിളിൽ വാരി എടുക്കുന്നതും മനോഹരമായ കാഴ്ചയാണ്.
District News
കോതമംഗലം: വാട്ടർ അഥോറിറ്റി കുടിവെള്ളത്തിനായി വെള്ളം പമ്പ് ചെയ്യുന്ന കോഴിപ്പിള്ളി പുഴയിലേക്ക് സാമൂഹ്യവിരുദ്ധർ മനുഷ്യ വിസർജ്യം അടങ്ങിയ ഡയപ്പറുകള്‍ ഉൾപ്പെടെയുള്ള മാലിന്യം തള്ളി. കോഴിപ്പിള്ളി പാലത്തിനു താഴെയായാണ് പ്ലാസ്റ്റിക്, വിസര്‍ജ്യം അടങ്ങിയ ഡയപ്പറുകള്‍, ഭക്ഷണാവശിഷ്ടം, പ്ലാസ്റ്റിക് കുപ്പികളും കാരി ബാഗുകളും തള്ളിയിരിക്കുന്നത്.
പാലത്തിനു മുകളിൽനിന്ന് രാത്രി സമയത്ത് താഴേക്ക് തള്ളിയ മാലിന്യമാണ് പുഴയിൽ ഒഴുക്കുകുറഞ്ഞതിനാൽ മണല്തിട്ടകളില് അടിഞ്ഞുകിടക്കുന്നത്. വേനലില്‍ ഒഴുക്കുനിലച്ച പുഴയില്‍ തടയണയില്‍നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളവും വാട്ടർ അഥോറിറ്റിയുടെ ശുചീകരണ പ്ലാന്റില്‍നിന്നുള്ള വെള്ളവും മാത്രമാണ് ചെറിയ ചാലു പോലെ ഒഴുകുന്നത്.
പെരിയാര്‍ വാലി കനാലില്നിന്നെത്തുന്ന നാമമാത്രമായ വെള്ളമാണ് തടയണയില്‍ ഉള്ളത്. കുടിവെള്ളത്തിന് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സമയത്താണ് പുഴയിലേക്ക് മനുഷ്യ വിസർജ്യം ഉൾപ്പെടെയുള്ള മാലിന്യം തള്ളിയിരിക്കുന്നത്.
പുഴയില്‍ ഏതാനും ദിവസം മുമ്പ് തള്ളിയ മാലിന്യങ്ങള്‍ കുറെ ഭാഗം ഒഴുകി പോയിട്ടുണ്ട്. ബാക്കിയുള്ളവ തുരുത്തുപോലെയും പാറക്കെട്ടുകളിലുമായി തങ്ങി കിടക്കുന്നത് കാണാം. ഇതിന് താഴെയായി നിരവധി കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പാലത്തില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ച് മാലിന്യം തള്ളുന്നത് തടയാന്‍ അധികൃതര്‍ അടിയന്തിര നടപടിയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
മൂവാറ്റുപുഴ: ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ(ഡിഎഫ്സി)യും ഫാമിലി അപ്പോസ്തലേറ്റിന്റെയും സംയുക്ത ഫൊറോന കൺവൻഷൻ കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളി ഹാളിൽ നടന്നു. രൂപത ഡയറക്ടർ ഫാ. ഡോ. ആന്റണി പുത്തൻകുളം ഉദ്ഘാടനം ചെയ്തു. ഫാമിലി അപ്പോസ്തലേറ്റ് ഫൊറോന പ്രസിഡന്റ് ജോയി കാട്ടുവള്ളി അധ്യക്ഷത വഹിച്ചു. രാഷ്ട്രദീപിക ചീഫ് കോ-ഓർഡിനേറ്റിംഗ് ഓഫീസർ ഫാ. ജിനോ പുന്നമറ്റത്തിൽ ‘സമുദായ ശാക്തീകരണം ദീപികയിലൂടെ’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ഫൊറോന വികാരി ഫാ. ജോസഫ് മുണ്ടുനടയിൽ, ഡിഎഫ്സി ഫൊറോന ഡയറക്ടർ ഫാ. ജെയിംസ് ഐക്കരമറ്റം, ഫാ. ജെയിംസ് ഏഴാനിക്കാട്ട്, സിസ്റ്റർ ജെസ്ലെറ്റ്, രൂപത പ്രസിഡന്റ് ഡിഗോൾ കൊളംബേൽ, സെക്രട്ടറി ഡോളി ബെന്നി, ജൂലി ബാബുഎന്നിവർ പ്രസംഗിച്ചു. ഡിഎഫ്സി കാളിയാർ ഫൊറോന പ്രസിഡന്റായി ചാക്കോച്ചൻ പുന്നോലിൽ, ജോ. സെക്രട്ടറിയായി ആൻസി സെർബി എന്നിവരെ തെരഞ്ഞെടുത്തു.
ജോയ് മാറാട്ടിൽ, ജെസി ജോസഫ്, ജയൻ റാത്തപ്പിള്ളി, അംബിക സിബി തുടങ്ങിയവർ നേതൃത്വം നല്കി. ഫാമിലി അപ്പോസ്തലേറ്റ് ഇടവക വാർഡ് ഭാരവാഹികൾ, ഡിഎഫ്സി യൂണിറ്റ് ഭാരവാഹികൾ പങ്കെടുത്തു.
District News
മൂവാറ്റുപുഴ: സുവിശേഷാധിഷ്ഠിത നീതിയിൽ അടിയുറച്ച രാജ്യസ്നേഹമാണ് ക്രൈസ്തവർ പുലർത്തേണ്ടതെന്ന് തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത. മൂവാറ്റുപുഴ രൂപതയുടെ ആഭിമുഖ്യത്തിൽ നടന്ന ഏഴാമത് ബൈബിൾ കൺവൻഷനോടനുബന്ധിച്ച് മലങ്കര കാത്തലിക് അസോസിയേഷൻ സംഘടിപ്പിച്ച എക്യുമെനിക്കൽ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്രിസ്തുവുമായുള്ള ബന്ധത്തിലാണ് സഭ നിലനിൽക്കുന്നതും വളരേണ്ടതുമെന്നും സഭകളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മെത്രാപ്പോലീത്ത കൂട്ടിച്ചേർത്തു. മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് അധ്യക്ഷത വഹിച്ചു. ക്രിസ്തുവിൽ വേരുറച്ചുനിന്നുകൊണ്ട് നീതിക്കുവേണ്ടി ശബ്ദിക്കാൻ ക്രൈസ്തവർക്ക് കഴിയണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവീസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തി. ഫാ. തോമസ് ഞാറക്കാട്ട് കോർ എപ്പിസ്കോപ്പ, ഫാ. ഡെനി ഫിലിപ്പ്, ജോസഫ് ജൂഡ്, പ്രഫ. ജോസുകുട്ടി ഒഴുകയിൽ, വി. സി. ജോർജുകുട്ടി, എൽദോ പൂക്കുന്നേൽ, എൻ.ടി. ജേക്കബ്, ഫാ. ജോർജ് മാങ്കുളം, എബീഷ് കൂരാപ്പിള്ളിൽ, ജിജി ജോയ്, സീമോൻ ജോൺ എന്നിവർ ഐക്യസന്ദേശം നൽകി.
കൺവൻഷൻ സമാപനദിവസമായ ഇന്നലെ മൂവാറ്റുപുഴ ബിഷപ് ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് സീറോ മലങ്കര ക്രമത്തിൽ കുർബാന അർപ്പിച്ചു. തിരുവനന്തപുരം മൗണ്ട് കാർമൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ.ഡാനിയേൽ പൂവണ്ണത്തിൽ ത്രിദിന ബൈബിൾ കൺവൻഷനിൽ വചന പ്രഘോഷണം നടത്തി.